ബംഗളൂരു: അധ്യാപികയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി പിടിയില്‍. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിലെ കുന്നിന്മുകളിലെ ക്ഷേത്ര മൈതാനത്ത് കുഴിച്ചിട്ട നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പ്രതിയായ നിതീഷ് പിടിയിലായത്. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി ദീപിക വി. ഗൗഡ (28) യുടെ മൃതദേഹമാണ് കണ്ടെത്തിയിരുന്നത്. ദീപികയെ കൊലപ്പെടുത്തിയത് കാമുകനും സമീപ വാസിയുമായ നിതീഷ് ആണ്. ബന്ധം അവസാനിപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട ദീപികയും പ്രതി നിതീഷും പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി നിവാസികളാണ്. ഭര്‍ത്താവിന്റെയും ഏഴുവയസുള്ള മകന്റെയും കൂടെയായിരുന്നു അധ്യാപികയായ ദീപിക താമസിച്ചിരുന്നത്. യുവതി സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. റീല്‍സ് ഒക്കെ ചെയ്യുന്ന ദീപികയ്ക്ക് നിരവധി ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.
നിതീഷും ദീപികയും രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ദീപികയുടെ കുടുംബം നിതീഷിന് താക്കീത് നല്കി. ദീപികയുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ദീപിക നിതീഷുമായി അകലം പാലിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് യുവതിയെ കൊലപ്പെടുത്താനായി പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
ശനിയാഴ്ച നിതീഷിന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷിക്കാനെന്ന് പറഞ്ഞാണ് പ്രതി ദീപികയെ മേലുകോട്ടെ കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ നിതീഷ് ദീപികയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ട് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.