വയനാട്ടുകാരനായ യുവസംവിധായകന് ഗോവ ചലച്ചിത്ര പുരസ്‌കാരം

Wayanad

കല്പറ്റ: കാഴ്ചയില്‍ പുതുലോകങ്ങള്‍ തീര്‍ക്കുന്ന വയനാട്ടുകാരനായ യുവസംവിധായകന് ഗോവചലച്ചിത്ര പുരസ്‌കാരം. കല്പറ്റ ബാറസുരി വീട്ടിലെ പ്രസീദ് കൃഷ്ണനാണ് ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മത്സരം സീസണ്‍ -3ല്‍ മികച്ച സൗത്ത് ഇന്ത്യന്‍ മ്യൂസിക്കല്‍ ആല്‍ബം അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട സംവിധായകന്‍. പോയിടാതെ എന്ന് പേരിട്ടിരിക്കുന്ന സംഗീത ആല്‍ബം പൂര്‍ണമായും വയനാട്ടില്‍ ചിത്രീകരിച്ചതും വിഷയത്തിന്റെ പ്രത്യേകതയും വൈവിധ്യവും കൊണ്ടും ശ്രദ്ധ നേടിയതുമാണ്്.

നനുത്ത ഒരുപ്രണയത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷയെ സംബന്ധിച്ച വിഷയം മികച്ച കൈയ്യടക്കത്തോടെയാണ് പ്രസീദ് കൃഷ്ണന്‍ ക്യാമറയില്‍ പകര്‍ത്തിയത്. സാന്‍ജോ ജോസ് സംഗീത സംവിധാനം നിര്‍വഹിച്ച ആല്‍ബത്തിനു നീതു സാനു ആണ് വരികള്‍ എഴുതിയത്. സംവിധാനത്തിന് പുറമെ പ്രസീദ് ഇതില്‍ ഒരു ചെറിയ വേഷം അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട്. പോയിടാതെ എന്ന ആല്‍ബത്തിന് പുറമെ തിരികെ എന്ന മറ്റൊരു ആല്‍ബവും, കുട്ടി സ്റ്റോറി, സ്‌നേഹനാളങ്ങള്‍ എന്നിങ്ങനെ നിരവധി പ്രൊജെക്ടുകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കെ എസ് ഇ ബിയില്‍ എഞ്ചിനീയറായ പ്രസീദ് കൃഷ്ണന്റെ ഭാര്യ ജിതയാണ്. അദ്വിക്, മാന്‍വിക എന്നിവര്‍ മക്കളാണ്.