സംസ്ഥാനജില്ലാ സ്‌കൂള്‍ കലോത്സവ വിജയികളെ അനുമോദിച്ചു

Kozhikode

കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ചെലവൂര്‍ പതിനാറാം വാര്‍ഡില്‍ നിന്ന് സംസ്ഥാന ജില്ലാ കലോത്സവങ്ങളില്‍ എ ഗ്രേഡ് ലഭിച്ച കലാകാരികളെ അനുമോദിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ഗ്ഗം കളിയിലും സംഘനൃത്തത്തിലും എ ഗ്രേഡ് ലഭിച്ച അന്നിക സഞ്ജീവ് (പ്രസന്റേഷന്‍ ഹൈസ്‌കൂള്‍), സംസ്ഥാന കലോത്സവത്തില്‍ ബാന്റു വാദ്യത്തില്‍ എ ഗ്രേഡ് ലഭിച്ച പി ശ്രേയകൃഷ്ണ (സെന്റ് ജോസഫ്‌സ് ആംഗ്‌ളോ ഇന്ത്യന്‍ ഗേള്‍സ്), ലളിത ഗാനത്തില്‍ ചേവായൂര്‍ സബ് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡും ജില്ലാ സ്‌കൂള്‍ കലോത്സവം സംഘഗാനത്തില്‍ എ ഗ്രേഡും അഖില കേരള ബാലജനസഖ്യം മേഖലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ച പി കെ അഞ്ജിമ (വെള്ളിമാട്കുന്ന് സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ), ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അസോസിയേഷന്റെ കോട്ടയത്ത് നടന്ന കേരള റീജിയന്‍ കലോത്സവത്തില്‍ ഇംഗ്‌ളീഷ് നാടക മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ച ജനീസിയ മരിയ ഡി സില്‍വ (ചേവരമ്പലം സെന്റ് മേരീസ് ഇംഗ്‌ളീഷ് മീഡയം സ്‌കൂള്‍) എന്നിവരെ ഉപഹാരം നല്കി അനുമോദിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ എം പി ഹമീദ് ഉദ്ഘാടനം ചെയ്തു. ഗവ. മെഡിക്കല്‍ കോളേജ് ഫാര്‍മക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗോപകുമാര്‍ തെഞ്ചേരിയില്ലം ഉപഹാരങ്ങള്‍ നല്കി സംസാരിച്ചു. ദര്‍ശനം ചെയര്‍മാന്‍ കെ കുഞ്ഞാലി സഹീറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പാളയം ശ്രീ വിദ്യാനികേതന്‍ കോളേജ് ഓഫ് ആര്‍ട്ട്‌സ് & കോമേഴ്‌സ് പ്രിന്‍സിപ്പല്‍ ബിന്ദു നമ്പ്യാലത്ത്, ആര്‍ട്ടിസ്റ്റ് പി എസ് സെല്‍വരാജ്, പെന്‍ഷനേഴ്‌സ് യൂണിയന്‍ മെഡിക്കല്‍ കോളേജ് നോര്‍ത്ത് സെക്രട്ടറി എം കെ ശിവദാസ്, സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫയര്‍ ഫ്രണ്ട് നിര്‍വ്വാഹകസമിതി അംഗം പാലങ്ങാട്ട് തങ്കം, ദര്‍ശനം വനിതാവേദി ജോയിന്റ് കണ്‍വീനര്‍ ശശികല മഠത്തില്‍ ആശംസ നേര്‍ന്നു. ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി കെ ശാലിനി നന്ദിയും പറഞ്ഞു.