കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ മുന്നണിക്കിടയിൽ രൂപപ്പെട്ട രാഷ്ട്രീയ തർക്കങ്ങൾ മറച്ചുവെക്കുന്നതിന് മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള മുഖ്യമന്ത്രിയടക്കമുള്ള ആളുകളുടെ ശ്രമങ്ങൾ അത്യന്തം അപലപനീയമാണെന്ന് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാ ണ് ഷുക്കൂര്‍ സ്വലാഹി ഇക്കാര്യം പറഞ്ഞത്.
സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു പ്രദേശത്തെ അപമാനിക്കാനുള്ള ഗൂഢ ശ്രമങ്ങളിൽ നിന്നും എല്ലാവരും പിന്തിരിയണം. കേരളത്തിലെ എല്ലാ എയർപോർട്ടുകളിൽ നിന്നും കുറ്റകരമായ കാര്യങ്ങൾ പിടിക്കപ്പെടുമ്പോൾ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തപ്പെടുന്നു എന്ന് പറയുന്ന സ്വർണ്ണക്കടത്തും ഹവാലാ ഇടപാടും മലപ്പുറം ജില്ലയുടെ മേൽ മാത്രം ആരോപിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികളെ പിടികൂടുകയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ടതിന് പകരം ഒരു ജില്ലയെയും ആ ജില്ലയിൽ ഭൂരിപക്ഷമുള്ള സമുദായത്തെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുവാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചേ പറ്റൂ എന്നും ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.