കോഴിക്കോട്: ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കുമെന്നും കേരളത്തിലെ നവീനവാദികളില്‍ പലരും ഹദീസ് നിഷേധ ആശയങ്ങളെ പിന്തുടര്‍ന്നവരുന്നുവെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ആദര്‍ശ സമ്മേളനം കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലം യുക്തിയനുസരിച്ച് മതനിയമങ്ങളെ കണ്ടെത്തുന്നത് ഇസ്ലാമിന്റെ രീതിയല്ല. മതവിധികള്‍ മനുഷ്യയുക്തി ഉപയോഗിച്ചല്ല കണ്ടത്തേണ്ടതെന്നും ഇസ്ലാമിന്റെ തനിമ നിലനിര്‍ത്തുകയാണ് സമസ്ത ഇക്കാലം വരെ ചെയ്തിട്ടുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
ഇസ്ലാമിനെ തകര്‍ക്കുന്നതിനായി പ്രമാണങ്ങളില്‍ കൈവെക്കുക എന്നതായിരുന്നു എല്ലാ മതവിരുദ്ധരും ചെയ്തിരുന്നത്. ഖുര്‍ആന്‍ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കുന്നതിന് തടസ്സമാവുന്നതിനാല്‍ ഹദീസിനെതിരെ തിരിയുകയും ചെയ്തു. അത് എളുപ്പമാക്കാന്‍ സ്വഹാബത്തിനെയും നവീനവാദികള്‍ തള്ളിപ്പറഞ്ഞു. മുസ്ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവര്‍ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവരാണ്. തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടി അത്തരം നീക്കങ്ങള്‍ നടത്തല്‍ മുജാഹിദ് വിഭാഗത്തിന്റെ രീതിയാണെന്നും തങ്ങള്‍ പറഞ്ഞു.
രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും മതേതര സ്വഭാവം നിലനിര്‍ത്തുന്നതിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഹിച്ച പങ്ക് നിസ്തുലമാണ്. രാജ്യപുരോഗതിക്ക് മൂല്യാധിഷ്ഠിത പിന്തുണയാണ് പ്രധാനമായും വേണ്ടത്. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സമസ്ത ഏകദേശം നൂറോളം വര്‍ഷങ്ങള്‍ പ്രയത്‌നിക്കുകയും പൂര്‍ണ പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ടെന്നും തങ്ങള്‍ പറഞ്ഞു. സമസ്തയെന്ന സംഘശക്തിയെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല. മഹാന്‍മാരായ പൂര്‍വികര്‍ സ്ഥാപിച്ച ഇലാഹിയ്യായ സംഘടനയാണ് സമസ്ത. സ്വഹാബത്തിന്റെയും താബിഉകളുടെയും പാത പിന്തുടര്‍ന്നാണ് കഴിഞ്ഞ നൂറോളം വര്‍ഷങ്ങള്‍ സമസ്ത ഇവിടെ ലക്ഷ്യം സാധ്യമാക്കി വരുന്നത്. കേരളീയ മുസ്ലിം സമുദായത്തില്‍ അനൈക്യം സൃഷ്ടിച്ച് കടന്നുവന്ന ബിദഈ, നവീനവാദികളെ പ്രതിരോധിക്കാന്‍ കൂടിയാണ് സമസ്ത രൂപീകൃതമാകുന്നത്. വിശുദ്ധ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുകയും അതിനെതിരേ വരുന്ന ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. അദൃശ്യജ്ഞാനം (ഇല്‍മുല്‍ ഗൈബ്), തവസ്സുല്‍, ഇസ്തിഗാസ, ഖബര്‍ സിയാറത്ത്, ഖുതുബ പരിഭാഷ തുടങ്ങിയവയ്‌ക്കെതിരായ മുജാഹിദ് വിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം.കെ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ടി ഹംസ മുസ്‌ലിയാര്‍, പി.കെ ഹസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി സംസാരിച്ചു.
കെ പി സി തങ്ങള്‍ വല്ലപ്പുഴ, മൂസക്കോയ മുസ്ലിയാര്‍ വയനാട്, ടി.എസ് ഇബ്രാഹിം മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ബംബ്രാണ, പി.വി അബ്ദുസലാം ദാരിമി, കാടേരി മുഹമ്മദ് മുസ്ലിയാര്‍, സി.കെ സെയ്താലിക്കുട്ടി മുസ്ലിയാര്‍, സി.കെ അബ്ദുറഹിമാന്‍ ഫൈസി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, എന്‍. അബ്ദുല്ല മുസ്ലിയാര്‍, കെ.എം ഉസ്മാന്‍ ഫൈസി തോടാര്‍, പി.എം അബ്ദുസലാം ബാഖവി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍, ഐ.ബി ഉസ്മാന്‍ ഫൈസി, പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണിയൂര്‍, പാണക്കാട് സയ്യിദ് ഹാശിറലി തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ സംബന്ധിച്ചു. എം.പി മുസ്തഫല്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി എന്നിവര്‍ പ്രഭാഷണം നടത്തി.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.