കേന്ദ്ര ഇടക്കാല ബജറ്റ് നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്ത് യുഎസ്ഡിസി

Eranakulam

കൊച്ചി: നൈപുണ്യ വികസനത്തിന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെ രാജ്യത്ത് നൈപുണ്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ യുണൈറ്റഡ് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (യുഎസ് ഡിസി) സ്വാഗതം ചെയ്തു. സ്‌കില്‍ ഇന്ത്യ മിഷന്റെ ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ അത്യധികമായി സന്തോഷമുളവാക്കുന്നതാണെന്ന് യുഎസ് ഡിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യുവാക്കളെ ഭാവിയിലേക്ക് സജ്ജരാക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കില്ലിങ് പാര്‍ട്ണര്‍മാരും എഡ്ടെക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ഏറെ നിര്‍ണായകമായിട്ടുണ്ടെന്ന് യുഎസ് ഡിസി സഹസ്ഥാപകന്‍ ടോം ജോസഫ് പറഞ്ഞു.

നൂതനാശയങ്ങള്‍ വളര്‍ത്തുന്നതില്‍ സ്റ്റെം എഡ്യുക്കേഷന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ സ്വാഗതാര്‍ഹമാണ്. പുതിയ സര്‍വകലാശാലകള്‍ക്കുള്ള അംഗീകാരം എഡ്ടെക് മേഖലയ്ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും കരുത്ത് പകരും. ഇതിന് പുറമേ സാങ്കേതികവിദ്യാ ഗവേഷണത്തിന് ഒരു ട്രില്യന്‍ കോര്‍പ്പസ് അനുവദിക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം രാജ്യത്തെ യുവാക്കളുടെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള സുപ്രധാന നീക്കമാണ്. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നതിന് പുറമേ രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്ക്ക് അനിവാര്യമായ സാങ്കേതിക പരിജ്ഞാനമുള്ള തൊഴില്‍സമൂഹ സൃഷ്ടിക്കും ഇത് വഴിയൊരുക്കുമെന്നും ടോം ജോസഫ് വ്യക്തമാക്കി.