മക്കാ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു, ഇസ്ലാമിക വൈജ്ഞാനിക ധാരകൾക്കിടയിൽ പരസ്പര ബന്ധം ശക്തിപ്പെടുത്താൻ ആഹ്വാനം

Gulf News GCC Saudi Arabia

മക്ക: വിവിധ ഇസ്ലാമിക വൈജ്ഞാനിക ധാരകൾക്കിടയിൽ പരസ്പര ബന്ധം ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തോടെ രണ്ട് ദിവസമായി മക്കയിൽ നടന്ന് വരുന്ന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം ലോക മുസ്ലിം സംഘടനയായ മുസ് ലിം വേൾഡ് ലീഗ് (റാബിത്വ ) ആണ് സമ്മേളനം സംഘടിപ്പിച്ചത്.

മുപ്പതിലധികം രാഷ്ട്രങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യയിൽ നിന്ന് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് പ്രസിഡൻറ് മൗലാനാ അർശദ് മദനി ഡൽഹി , ഡോ. ഹുസൈൻ മടവൂർ, ഡോ.അബ്ദുൽ ഹകീം അസ്ഹരി തുടങ്ങയവർ സംബന്ധിച്ചു. മുസ് ലിംകൾക്കിടയിൽ വിവിധ കർമ്മ ശാസ്ത്രസരണികളെ പിൻപറ്റുന്ന വിഭാഗങ്ങൾക്കിടയിൽ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

ഇസ്ലാം ഐക്യത്തിൻ്റെ മതമാണെന്നും അത് യോജിപ്പാണ് കൽപിക്കുന്നതെന്നും, ഭിന്നിപ്പിനും വിഭാഗീയതക്കുമെതിരെ മുന്നറിയിപ്പ് നൽകുന്നുവെന്നും സ്വാഗത പ്രസംഗത്തിൽ സൗദി ഗ്രാൻ്റ് മുഫ്തിയും മുസ്ലിം വേൾഡ് ലീഗ് സുപ്രിം കൗൺസിൽ പ്രസിഡൻറുമായ ശൈഖ് അബ്ദുൽ അസീസ് ബിൽ അബ്ദുല്ലാ ആലു ശൈഖ് പറഞ്ഞു. ഭിന്നിപ്പിന്നും ഛിദ്രതക്കുമെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി.
ഇസ്ലാമിക വിഭാഗങ്ങൾ തമ്മിലുള്ള സഹകരണം, എല്ലാവരെയും ഉൾക്കൊള്ളന്ന പൊതു തത്വങ്ങൾ ശക്തിപ്പെടുത്തൽ, അഭിപ്രായ വ്യത്യാസങ്ങൾ മാന്യമായി കൈകാര്യം ചെയ്യാനും തത്വങ്ങൾ പരിശീലിപ്പിക്കൽ തുടങ്ങിയവയാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന്
മുസ്ലിം വേൾഡ് ലീഗ് സെക്രട്ടരി ജനറലും ആഗോള മുസ്ലിം പണ്ഡിത സഭാ ചെയർമാനുമായ ഡോ. മുഹമ്മദ്‌ അബ്ദുൽ കരീം അൽ ഈസാ പറഞ്ഞു. വെല്ലുവിളികളെ അതിജീവിക്കുവാൻ സാ ഹോദര്യത്തിൻ്റെയും സഹകരണത്തിൻ്റെയും പാലങ്ങൾ രൂപപ്പെടണം.

ഇസ്ലാമിൽ എല്ലാവരും ഒറ്റ കൊടിക്കീഴിലും കുടക്കീഴിലുമാണ്.
അവരെ വിഭജിക്കുന്നതും തമ്മിലകറ്റുന്നതുമായ നാമങ്ങൾക്കും ഇസ്ലാമിൽ സ്ഥാനമില്ല.
മസ്ജിദുൽ ഹറാം മുഖ്യ ഇമാമും ഹറം പള്ളികളുടെ മതകാര്യ ചെയർമാനുമായ
ശൈഖ് ഡോ.അബ്ദു റഹ്മാൻ അൽ സുദൈസ്, സൽമാൻ രാജാവിൻ്റെ ഉപദേഷ്ടാവും മക്കയിലെ ഇമാമുമായ ഡോ.സ്വാലിഹ് ബിൻ ഹുമൈദ് , ഇറാനിലെ ഭരണ കൗൺസിൽ അംഗം ആയതുല്ലാ ശൈഖ് അഹമദ് മബലഗീ, ഇഖ്ബാൽ സക് റാനി (യു.കെ), ഈജിപ്ഷ്യൻ മുഫ്തി ഡോ.ശൗഖി അല്ലാം, ഇന്തോനേഷ്യൻ പണ്ഡിതസഭാ പ്രസിഡൻ്റ് ശൈഖ് മിഫ്താഹുൽ അഖ് യാർ, വേൾഡ് മുസ് ലിം കൗൺസിൽ ജനറൽ സെക്രട്ടരി ഡോ.മുഹമ്മദ് ബശ്ശാരി യു.എ.ഇ, ഇറാഖ് വഖഫ് ബോർഡ് ചെയർമാൻ ഡോ. മിശ്ആൻ അൽ ഖസ്റജി, മലേഷ്യ ൽ പണ്ഡിത സഭാപ്രസിഡൻറ് ശൈഖ് ഖാൻ മുഹമ്മദ് അബ്ദുൽ അസീസ്…..തുടങ്ങി മുപ്പതോളം പണ്ഡിതന്മാർ സംസാരിച്ചു. ഗസ്സാ യുദ്ധ വിഷയത്തിൽ പ്രത്യേക സെഷനും ഉണ്ടായി.

ലോകം മർദ്ദിതരായ പലസ്തീനികളാടൊപ്പം നിലക്കൊള്ളമെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുസ്ലിം സരണികൾക്കിടയിൽ സഹകരണം വളർത്താനായുള്ള തുടർ പ്രവർത്തനങ്ങൾക്കായി റാബി ത്വയും ഒ.ഐ.സി.ഫിഖ്ഹ് കൗൺസിലും ധാരണാ കരാർ ഒപ്പ് വെച്ചു.