ജാമിഅഃ വാർഷിക സമ്മേളനത്തിന് ഉജ്വല തുടക്കം, ഭരണഘടനയെ സംരക്ഷിക്കാൻ മതേതര മൂല്യങ്ങൾ മുറുകെപ്പിടിക്കുക: പി കെ കുഞ്ഞാലിക്കുട്ടി

Malappuram

എടവണ്ണ: ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ മതേതര മൂല്യങ്ങൾ മുറുകെപ്പിടിക്കണമെന്ന് ജാമിഅഃ നദ്‌വിയ്യഃ വാർഷിക ദഅ്‌വഃ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹു. പ്രതിപക്ഷ ഉപ നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. രാജ്യം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഭീതിതമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾ പൊതുവിഷയങ്ങളിൽ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ ശരീഅഃ കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ മുഹമ്മദലി അൻസാരി അധ്യക്ഷത വഹിച്ചു.

കെ. എൻ. എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു. ബഹു. പി. കെ ബഷീർ എം. എൽ. എ, ജെ. എ. ക്യു. എച്ച് തമിഴ്നാട് ജനറൽ സെക്രട്ടറി നൂർ മുഹമ്മദ്‌ എന്നിവർ മുഖ്യാതിഥികളായി. എം. എസ്. എം സംസ്ഥാന ട്രഷറർ നവാസ് സ്വലാഹി ഒറ്റപ്പാലം പ്രമേയാവതരണം നടത്തി സംസാരിച്ചു. ജാമിഅഃ ട്രസ്റ്റ് ബോർഡ് സെക്രട്ടറി എം. ടി അബ്ദുസ്സമദ് സുല്ലമി അന്നദ്’വ ആനുവൽ മാഗസിൻ പ്രകാശനം നിർവഹിച്ചു. കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. ഹുസൈൻ മടവൂർ, പ്രൊഫ. എൻ. വി അബ്ദുറഹ്‌മാൻ, കെ. എൻ. എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ടി. യൂസഫ് അലി സ്വലാഹി, എം. എസ്. എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ, ഐ. എസ്. എം മലപ്പുറം ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി തൻസീർ സ്വലാഹി, സ്റ്റുഡന്റ്സ് യൂണിയൻ അഡ്വൈസർ മുഹമ്മദ്‌ കൊമ്പൻ, ചെയർമാൻ മുഹ്സിൻ മുബാറക് എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന ‘ഇന്ത്യ ഈ കാലവും കടന്ന് മുന്നോട്ട്’ എന്ന പ്രൈം ഡിബേറ്റിൽ മീഡിയ വൺ ജേർണലിസ്റ്റ് നിഷാദ് റാവുത്തർ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ വയനാട്, ഡി. വൈ. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഇൻ ചാർജ് അഡ്വ. അനൂപ് വി. ആർ, മുസ്‌തഫാ തൻവീർ, അബ്ദുൽ ജലീൽ മാമാങ്കര, അംജദ് അമീൻ, അസ്‌ലം കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു.

ശനി ഞായർ ദിവസങ്ങളിൽ നടക്കുന്ന പഠന ക്യാമ്പിൽ നാല് വേദികളിൽ മഹല്ല് സംഗമം, ഇസ്‌ലാഹീ ഫാമിലി മീറ്റ്, വനിതാ സമ്മേളനം, ബാലവേദി, ഓർമക്കുറിപ്പ്, പുസ്തക ചർച്ച, യൂണിയൻ കോൺക്ലേവ് തുടങ്ങി മുപ്പത് സെഷനുകളിലായി ലിംഗ നീതി, ദേശീയ വിദ്യാഭ്യാസ നയം, ക്യാമ്പസ് ധാർമികത, വിവാഹം കുടുംബം ന്യൂജെൻ കാഴ്ചപ്പാടുകൾ, ഭാവിയിലെ അറബിക് കോളേജുകൾ, സെക്യൂലർ ക്യാമ്പസുകളിലെ മുസ്‌ലിം സ്ത്രീ, തൗഹീദ്, ഫാഷിസം, എ. ഐ കാലത്തെ അധ്യാപനം തുടങ്ങിയ വിഷയങ്ങളിൽ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംസാരിക്കും.