കോഴിക്കോട്: മഹിളാ മോര്‍ച്ചയുടെ ചൂലടി പ്രതിഷേധത്തിനിടെ കോഴിക്കോട് കോന്നാട് ബീച്ചില്‍ ഡി.വൈ.എഫ്.ഐ സൗഹാര്‍ദ്ദ റാലി നടത്തി. കടല്‍തീരം ആരുടേയും കുത്തകയല്ലെന്നും ജാതി-മത-ലിഗ ഭേദമന്യേ എല്ലാവര്‍ക്കും സൗഹാര്‍ദം പങ്കുവെക്കാനുള്ള വേദിയാണ് കടപ്പുറമെന്നും ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചു.
കോന്നാട് ബീച്ചും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമാവുകയാണെന്നും പ്രദേശവാസികളുടെ സമാധാന ജീവിതം തകരുകയാണെന്നും കാട്ടി മഹിള മോര്‍ച്ചയുടെ നേതൃത്യത്തില്‍ കഴിഞ്ഞ ദിവസം കമിതാക്കള്‍ക്ക് നേരെ ചൂലടി സമരം നടത്തിയിരുന്നു. അതിനെതിരായിട്ടാണ് ഇന്ന് വൈകീട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോനാട് ബീച്ചില്‍ പ്രതിഷേധ സംഗമം നടത്തിയത്.
ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധത്തിനിടെ സമീപത്തായി മഹിളാമോര്‍ച്ചയ്ക്ക് പിന്തുണയുമായി ബി.ജെ.പി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയയുടെ പിടിയിലമര്‍ന്ന് ഒരു നാടിന്റെ സമാധാന ജീവിതം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് സജീവന്‍ പറഞ്ഞു.
ഇരുകൂട്ടരും ബീച്ചില്‍ സംഘടിച്ചപ്പോള്‍ സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് രംഗത്തെത്തിയത്. പാട്ടും കവിതകളുമായിട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ഇടിഞ്ഞുവീഴുന്ന ആകാശം ഇടിഞ്ഞുവീഴുന്നതാണ് കേരളീയ സംസ്‌കാരത്തിന് അനുയോജ്യമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പറഞ്ഞു. ഇല്ലാത്ത വേര്‍തിരിവുകളുണ്ടാക്കി മനുഷ്യഹൃദയങ്ങളെ പരസ്പരം അകറ്റുന്ന പ്രവണത രാജ്യത്തിന് അപമാനകരമാണെന്നും വസീഫ് പറഞ്ഞു.
ജില്ലാ സെക്രട്ടറി പി.സി.ഷൈജു, ടി.കെ.സുമേഷ്, കെ.അരുണ്‍, കെ. റഫീഖ് എന്നിവര്‍ സംസാരിച്ചു.