കരിപ്പൂര്‍: മുജാഹിദ് സംസ്ഥാനസമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമായ കിഡ്‌സ് പാര്‍ക്ക് എഡുടൈന്‍മെന്റ് പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. 15000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രത്യേക പവിലിയനില്‍ നടക്കുന്ന കിഡ്‌സ് പോര്‍ട്ടില്‍ അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശം. പൂര്‍ണ്ണമായും എയര്‍പോര്‍ട്ട് മാതൃകയിലാണ് കിഡ്‌സ് പോര്‍ട്ടിലെ ക്രമീകരണങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്. വിജ്ഞാനവും, വിനോദവും കോര്‍ത്തിണക്കിയ ആകര്‍ഷകമായ കാഴ്ചകള്‍, കളികള്‍, പ്ലേലാന്‍ഡ്, കിഡ്‌സ് എക്‌സ്‌പോ, എ ഐ, റോബോട്ടിക്‌സ് തുടങ്ങി നിരവധി ഇനങ്ങള്‍ കിഡ്‌സ് പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. പരിശീലനം നേടിയ അഞ്ഞൂറിലധികം വളണ്ടിയര്‍മാര്‍ കിഡ്‌സ് പോര്‍ട്ടില്‍ സേവനം ചെയ്യുന്നു.
ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍ പീസ് പ്രൈസ് ഫൈനലിസ്റ്റും, ഉജ്ജ്വലബാല്യ പുരസ്‌കാര ജേതാവുമായ ആസിം വെളിമണ്ണ കിഡ്‌സ് പോര്‍ട്ട് ഉദ്ഘാടനം ചെയ്തു. ഫാത്തിമ മിൻഹ മുഖ്യാ അതിഥിയായി എന്‍ എം അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. ഐ ജി എം ഭാരവാഹികളായ ഫാത്തിമ ഹിബ, നദ നസ്‌റീന്‍, എം എസ് എം ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, നബീല്‍ പാലത്ത്, ഷഹീം പാറന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.