ഐസ് ക്രീം കഴിച്ച കുട്ടി ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു

Idukki

ഇടുക്കി: ഐസ് ക്രീം കഴിച്ച അഞ്ചുവയസുകാരി ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചര്‍ദ്ദിയെ തുടര്‍ന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് പറഞ്ഞുവിട്ടെങ്കിലും വീണ്ടും ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്കെത്തിച്ചു.

തുടര്‍ന്ന്് പ്രാഥമിക ചികിത്സക്ക് ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്. ഇന്നലെ പകല്‍ സമയത്ത് മുത്തച്ഛനോടൊപ്പം ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാര്‍ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛര്‍ദിയുണ്ടായത്.

അതേസമയം, പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. കുട്ടിയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.