വീട് ജപ്തി ചെയ്യുന്നത് കണ്ട് മനം നൊന്ത് സ്വയം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

Idukki

നെടുങ്കണ്ടം: വീട് ജപ്തി ചെയ്യുന്നത് കണ്ട് മനം നൊന്ത് സ്വയം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഷീബ സ്വയം തീ കൊളുത്തിയത്.

ആത്മഹത്യ ശ്രമത്തില്‍ നിന്നും ഇവരെ രക്ഷിക്കുന്നതിനിടെ എസ്‌ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു. ഷീബയും കുടുംബവും താമസിക്കുന്ന വീട് പണയം വച്ച് സ്വകാര്യബാങ്കില്‍ പണം കടമെടുത്തിരുന്നു. എന്നാല്‍ പിന്നീട് സാമ്പത്തികാവസ്ഥ മോശമായതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് ജപ്തി ചെയ്യാനായി പൊലീസും ബാങ്ക് ജീവനക്കാരും എത്തിയതോടെ ഇവര്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.