മുസ്ലിംകൾ ഏതു സാഹചര്യത്തിലും പക്വതയോടെ പെരുമാറണം :ഡോ. ഹുസൈൻ മടവൂർ

Malappuram

കോഴിക്കോട്: എന്ത് പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടായാലും ഇസ്ലാം മത വിശ്വാസികൾ പ്രകോപിതരാവരുതെന്നും പക്വതയോടെ പെരുമാറണമെന്നും പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. മുസ്ലിംകൾ വിവേകത്തോടെയാണ് പെരുമാറേങ്ങത്. അവരെ വൈകാരികമായി
രംഗത്തിറക്കി കൂടുതൽ പേരെ ശത്രുക്കളാക്കാനുള്ള ശ്രമങ്ങൾ നാം തിരിച്ചറിയണം.
ഈ അവസ്ഥയും അതിജീവിച്ച് ഇസ്ലാം മുന്നോട്ട് പോകും. അതാണ് ചരിത്രം. അന്തിമ വിജയം സത്യത്തിന്ന് തന്നെയായിരിക്കും.അതിന്നായി വിശ്വാസം മുറുകെ പിടിച്ച് ധർമ്മനിഷ്ഠയോടെ ജീവിക്കണമെന്നും ഇതര സമുദായങ്ങളുമായി നല്ല ബന്ധം വളർത്തിയെടുക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

ഇന്ത്യൻ മുസ്ലിംകൾക്ക് പക്വമായി ചിന്തിക്കുന്ന നല്ലൊരു നേതൃത്വമുണ്ട്.
ഓരോ പ്രശ്നങ്ങളുണ്ടാവുമ്പോഴും ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ബോർഡ്, ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്, ജംഇയ്യത്ത് അഹ് ലെ ഹദീസ്, ജമാഅത്തെ ഇസ്ലാമീ തുടങ്ങി എല്ലാ പ്രമുഖ മുസ്ലിം സംഘടനകളും കൂടിയാലോചനകൾ നടത്തി അപ്പപ്പോൾ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലുമുണ്ട് അത്തരം കൂട്ടായ്മകൾ.
ഭരണഘടനാപരവും നിയമപരവുമായ മാർഗ്ഗത്തിലൂടെ നമ്മുടെ നേതൃത്വം പ്രതിഷേധിക്കുന്നുണ്ട്, കോടതികളെ സമീപിക്കുന്നുണ്ട്.

നിയമനിർമ്മാണ സഭകളിൽ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് വരാൻ ആവശ്യമായത് ചെയ്യുന്നുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.