കോഴിക്കോട്: വ്യത്യസ്ത കഴിവുകളും അഭിരുചികളുമുള്ള ഭിന്നശേഷി സഹോദരങ്ങളെ ചേർത്തുപിടിച്ചു മുന്നേറണമെന്നും സാമൂഹ്യ നീതി വകുപ്പിൽ പ്രഥമ പരിഗണന ഭിന്നശേഷിക്കാർക്കാണെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി ആർ.ബിന്ദു പ്രസ്താവിച്ചു. ഭിന്നശേഷിക്കാരുടെ സർവ്വോന്മുകമായ ഉന്നമനത്തിന് വേണ്ടി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവരുടെ ക്രിയാത്മകമായ കൂട്ടായ്മകൾ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള നദ്‌വത്തുൽ മുജാഹിദീനി (കെ എൻ എം)ന്റെ യുവ ഘടകമായ ഐ.എസ്.എമ്മിന്റെ കീഴിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവത്തിച്ചുവരുന്ന റിവാഡ്(Rehabilitation, Education and Welfare Activities of Differently abled) ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇൻക്ലൂഡ്(Include) എന്ന പേരിൽ അഖില കേരള ഭിന്നശേഷി സംഗമം കോഴിക്കോട് സ്റ്റേഹാജ്ഞലി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി മുഖ്യാതിഥിയായിരുന്നു. റിവാഡ് പ്രസിഡണ്ട് ഷബീർ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ, കെ.ജെ.യു സെക്രട്ടറി ഹനീഫ് കായക്കൊടി,പ്രൊഫ. എൻ.വി അബ്ദുറഹ്മാൻ, എ.പി അബ്ദുസമദ് സാഹിബ്, ഐ.എസ്.എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി,കെ.എം.എ അസീസ്, റഹ്മത്തുള്ള സ്വലാഹി, നൗഷാദ് കരുവണ്ണൂർ,
എ.അസ്ഗറലി, കെ.വി അബദുൽ ലത്തീഫ് മൗലവി,ബഷീർ പട്ടേൽത്താഴം,ജലീൽ പരപ്പനങ്ങാടി, ശുഐബ്,ഹംസ ജൈസൽ, നജീബ് പുത്തൂർ പള്ളിക്കൽ, അബ്ദുൽ അസീസ്, ഹാരിസ് കരുവാരക്കുണ്ട്, ഡോ.മുഹമ്മദ് മുസ്തഫ, നസീമ പൂക്കോട്ടൂർ തുടങ്ങിയവർ വിവിധ സെഷനുകളിലായി സംസാരിച്ചു.

ഭിന്നശേഷി തൊഴിൽ സംവരണം; പ്രശ്നങ്ങളും പ്രതിവിധിയും എന്ന വിഷയത്തിൽ സെമിനാർ, റിവാഡ് പെൻഷനേഴ്‌സ് മീറ്റ്, കേൾവി പരിമിതരുടെ സംഗമം, പഠന ക്ലാസുകൾ, ഭിന്നശേഷി സ്വയം സംരംഭകരുടെ സംഗമം, അവാർഡ് വിതരണം തുടങ്ങിയ വിവിധ സെഷനുകൾ സംഗമത്തോടനുബന്ധിച്ച് നടന്നു.

ഭിന്നശേഷിക്കാർ വീടുകളിൽ വെച്ച് നിർമ്മിക്കുന്ന കര കൗശല വസ്തുക്കളുടെയും ഉല്പന്നങ്ങളുടെയും പ്രദർശനവും വിപണനവും സംഗമത്തിന്റെ ഭാഗമായി നടന്നു.