രണ്ടു ദിവസത്തിനകം മധ്യപ്രദേശിൽ കോൺഗ്രസിന്‍റെ നട്ടെല്ലായ കമൽനാഥ് ബിജെപിയിൽ ചേർന്നേക്കും

Thiruvananthapuram

റിപ്പോർട്ട് തയാറാക്കിയത്: ഭരത് കൈപ്പാറേടൻ

ഭോപ്പാൽ: രണ്ടു ദിവസത്തിനകം മധ്യപ്രദേശിൽ കോൺഗ്രസിന്റെ നട്ടെല്ലായ കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന് ഉന്നത ബിജെപി വൃത്തങ്ങൾ സൂചന നൽകി.

കമൽനാഥിൻറെ മകൻ നകുൽ കമൽനാഥ് തൻ്റെ സോഷ്യൽ മീഡിയ ബയോയിൽ നിന്ന് കോൺഗ്രസ്സ് പാർട്ടിയുടെ പേരും ചിഹ്നവും നീക്കം ചെയ്തതോടെ കമൽ നാഥും കുടുംബവും പാർട്ടി മാറുകയാണെന്ന അഭ്യൂഹം ശക്തമായി.

മധ്യപ്രദേശ് കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ചില നേതാക്കൾ അസ്വസ്ഥരാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ വി ഡി ശർമ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്.

ബിജെപിയിൽ ചേരാനുള്ള ചർച്ചകൾ നകുൽ നാഥും അദ്ദേഹത്തിൻ്റെ പിതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥും നടത്തുന്നതായി നേരത്തെ അഭ്യൂഹമുണ്ടായിരുന്നു

അതേസമയം, അടുത്ത 48 മണിക്കൂറിനുള്ളിൽ കമൽനാഥ് കാവി പാർട്ടിയിൽ ചേരാൻ സാധ്യതയുണ്ടെന്ന് ഉന്നത ബിജെപി വൃത്തങ്ങൾ പറഞ്ഞു.

അങ്ങനെ സംഭവിച്ചാൽ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ കൂടുമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറും.