ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള ഒത്തൊരുമയുടെ കാഹളമോതി ഉമ്മത്ത് കോണ്‍ഫറന്‍സ്

Malappuram

കരിപ്പൂര്‍ (വെളിച്ചം നഗര്‍): സാമുദായിക ഐക്യത്തിനായുള്ള ആഹ്വാനത്തോടൊപ്പം ഇന്ത്യയെ തങ്ങളുടേതുമാത്രമാക്കി മാറ്റുവാനുള്ള ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ കൂടിയുള്ള ഒത്തൊരുമയുടെ സന്ദേശ കാഹളമോതി മുജാഹിദ് സംസ്ഥാന സമ്മേളന ഉമ്മത്ത് കോണ്‍ഫറന്‍സ്.
മുസ്ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ മുതല്‍ ഡോ. ഹുസൈന്‍ രണ്ടത്താണിവരെയുള്ളവര്‍ ഒരേ വേദിയില്‍ അണി നിരന്ന് പ്രഖ്യാപിച്ചത്, സമുദായ ഐക്യത്തോടൊപ്പം മതേതര ഐക്യം കൂടിയാണ് ഇന്നത്തെ ഭീഷണിക്കുള്ള പരിഹാരമെന്നാണ്.

സമ്മേളനം ഉദ്ഘാടനം ചെയ്ത കൊണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ മുസ്്ലിം സമുദായം പ്രതിസന്ധി നേരിടുന്ന കാലത്ത് സംഘടനകള്‍ തമ്മില്‍ പരസ്പര സ്നേഹത്തോടെ ഒരുമിച്ചിരിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു. സമുദായത്തിനകത്ത് ശത്രുക്കളെ കണ്ടെത്തുന്നതില്‍ കൗതുകം കാണുന്നവരാണ് പലരും. അത് വലിയ അപടകം ചെയ്യും.

ഇക്കാണുന്ന പുരോഗതിയെല്ലാം എങ്ങിനെയുണ്ടായി എന്ന് നമ്മള്‍ ആലോചിക്കണം. നിശ്ചയദാര്‍ഢ്യത്തോടു കൂടെയുള്ള ഒരു രാഷ്ട്രീയ മുന്നേറ്റമാണ് അതിനു പിറകിലുള്ളത്. പിന്നാക്ക വിഭാഗത്തിന് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയും അവരെ അവകാശങ്ങള്‍ക്ക് പടപൊരുതിയും ആ രാഷ്ട്രീയ പ്രസ്ഥാനം അവരോടൊപ്പം നിന്നു. ആ നേട്ടങ്ങളെ പോറലേക്കാതെ കാക്കുക എന്നതാണ് ഉമ്മത്തിന്റെ ഉത്തരാവാദിത്തം.

ഇവിടെ നമ്മള്‍ കലഹിച്ചാല്‍ നേടിയ പുരോഗതിയെല്ലാം ഇല്ലാതെയാവും. വ്യക്തമായ അജണ്ടകള്‍ രൂപപ്പെടുത്തി ഉമ്മത്തിന്റെ മുന്നേറ്റത്തനായി പോരാടണമെന്നും ഇ.ടി കൂട്ടിചേര്‍ത്തു.

ഡോ. യു.പി യഹ്യാ ഖാന്‍ മദനി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.കെ ബഷീര്‍, പി.ടി.എ റഹീം, അഹമ്മദ് ദേവര്‍കോവില്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ സക്കീര്‍, അഡ്വ. ഹാരിസ് മീരാന്‍, പി. മുജീബ് റഹ്്മാന്‍, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ബി.പി.എ ഗഫൂര്‍, അബ്ദുല്‍ ശുക്കൂര്‍ അല്‍ ഖാസിമി, എ.പി അബ്ദുല്‍ വഹാബ്, എഞ്ചി. പി. മുഹമ്മദ് കോയ, സയ്യിദ് അഷ്റഫ് തങ്ങള്‍, എം.എം ബഷീര്‍ മദനി, സലീം അസ്്ഹരി, സിറാജ് മദനി എന്നിവര്‍ പ്രസംഗിച്ചു.