അറബി ഭാഷയോട് കേരളം കാണിച്ച ആദരവ് മാതൃകാപരം: ഡോ. അബ്ദു റസാഖ് അബൂ ജസര്‍

Malappuram

കരിപ്പൂര്‍ (വെളിച്ചം നഗര്‍): അറബി ഭാഷ ഉന്നമനത്തിന് കേരളത്തിന്റെ സംഭാവനകള്‍ മാതൃകാപരമെന്ന് പലസ്തീന്‍ എംബസി കോണ്‍സുലര്‍ ഡോ. അബ്ദുറസാഖ് അബൂ ജസര്‍ അഭിപ്രായപ്പെട്ടു. പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ നാഷണല്‍ അറബിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ഭാഷാ ബന്ധങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിലാല്‍ ഐരൂര്‍ സ്വാഗത ഭാഷണം നിര്‍വഹിച്ച പരിപാടിയില്‍ ഡോ. ഹംസ അന്‍സാരി അധ്യക്ഷന്‍ ആയിരുന്നു.

അറബ് ലീഗ് അംബാസഡര്‍ ഡോ മാസിന്‍ അല്‍ മസ്ഊദി മുഖ്യ ഭാഷണം നിര്‍വഹിച്ചു. അറബി ഭാഷ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ കേരളത്തിന്റെ പങ്ക് പ്രശംസനീയം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അറബി ഭാഷാ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് പ്രൊഫ. ടി പി മുഹമ്മദ് അബ്ദുല്‍ റഷീദ് , പ്രൊഫ. അബ്ദുല്ല സുല്ലമി, ഡോ. അബ്ദുല്‍ മജീദ് ഇ, എന്നിവര്‍ക്ക് സമര്‍പ്പിച്ചു.

സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ ഡോ. സാബിര്‍ നവാസ് , ഡോ. മുഹമ്മദ് ഷാഫി കെ പി, ഡോ. മുഹമ്മദ് ആബിദ് യു പി, പ്രൊഫ. അബ്ദുല്‍ ഹഫീദ് നദ്വി, ഡോ. കെ പി അബ്ബാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഡോ.പി അബ്ദു സലഫി, ഡോ സുഹൈല്‍ പി കെ, ഡോ. പി ടി ബഷീര്‍, ഡോ. സി പി മുസ്തഫ, ഡോ. മന്‍സൂര്‍ അമീന്‍, ഡോ. സ്വലാഹുദ്ദീന്‍ കെ, ഡോ. അബ്ദുല്ല നജീബ്, എന്നിവര്‍ പാനല്‍ ഡിസ്‌കഷനില്‍ സംവദിച്ചു.

ഷാജഹാന്‍ ഫാറൂഖി കവിതാലാപനം നടത്തിയ പരിപാടിയില്‍ ഡോ. അബൂബക്കര്‍ ഫാറൂഖി നന്ദി രേഖപ്പെടുത്തി.