ജാതി സെന്‍സസ് കേരളത്തിലും നടപ്പിലാക്കണം: നാഷണല്‍ ജനതാദള്‍

Kerala

കോഴിക്കോട്: സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്ന് നാഷണല്‍ ജനതാ ദള്‍ ആവശ്യപ്പെട്ടു. ഈ ആവിശ്യമുന്നയിച്ചു കൊണ്ട് ഒക്ടോബര്‍ 21ന് കോഴിക്കോടുവെച്ച് സംസ്ഥാന തല സിമ്പോസിയം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചു.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജോലിയിലും ഉന്നതവിദ്യാഭ്യാസത്തിലും ആനുപാതികമായ പങ്ക് ഉറപ്പാക്കുന്നതിനാവിശ്യമായ അടിസ്ഥാന സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമാക്കുക എന്നതാണ് ജാതി സെന്‍സസിന്റെ ഉദ്ദേശം. അതിനെ എതിര്‍ക്കുന്നത് മാറ്റി നിര്‍ത്തപ്പെട്ടവരോടുള്ള നീതി നിഷേധമാണ്.

ഓരോ ജാതിയിലെയും ജനസംഖ്യയുടെ സ്ഥിതിവിവരക്കണക്കു ലഭ്യമായാല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടി കൂടുതല്‍ കൃത്യവും ആനുപാതികുമായ ക്ഷേമ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ഭരണകൂടത്തിനു കഴിയും.

ഇന്ത്യയില്‍ ലഭ്യമായ ജാതി സെന്‍സസ് ഡേറ്റ 1931 ലേതാണ്. 1941 ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാര്‍ നടത്തിയ അവസാന സെന്‍സസില്‍ ജാതി അടിസ്ഥാനത്തിലുള്ള ഡാറ്റ ശേഖരിച്ചിരുന്നുവെങ്കിലും ആ കണക്കുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ല.

സ്വാതന്ത്ര്യത്തിനുശേഷം 1951ല്‍ നടത്തപ്പെട്ട സെന്‍സസ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ മാത്രം ജാതിസ്ഥിതി വിവരങ്ങളാണ് ശേഖരിച്ചതും പ്രസിദ്ധീകരിച്ചതും. മറ്റു പിന്നോക്ക വിഭാഗക്കാരുടെ യഥാര്‍ത്ഥ സ്ഥിതി ഭരണകൂടത്തിന് ശരിക്കും അജ്ഞാതമാണ്.

ജാതി അടിസ്ഥാനമാക്കിയുള്ള നിലവിലെ യഥാര്‍ത്ഥ സ്ഥിതി വിവരത്തിന്റെ അഭാവം മൂലം 1931 ലെ ജാതി കണക്കുകളെയാണ് ഇപ്പോഴും വിവിധ സര്‍ക്കാരുകള്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ആശ്രയിക്കുന്നത്. ഈ സ്ഥിതി മാറണമെന്നാണ് നാഷണല്‍ ജനതാ ദള്‍ ആവിശ്യപ്പെടുന്നത്.

നാഷണല്‍ ജനതാദള്‍ ഭാരവാഹികള്‍ കോഴിക്കോട്ടു നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്

21ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന തല സിമ്പോസിയത്തോടെ ഈ ആശയ പ്രചാരണത്തിനു പാര്‍ട്ടി തുടക്കമിടുകയാണ്. സിമ്പോസിയം വിജയിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി ജില്ലാ കമ്മറ്റി സബ് കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

ജില്ലാക്കമ്മറ്റിയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സഹജന്‍ ഉദ്ഘാടനം ചെയ്തു. പി.പി. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപന്‍ മാസ്റ്റര്‍, ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, യുസഫലി മടവൂര്‍, ടി.കെ. കുഞ്ഞിക്കണാരന്‍, കെ. കെ. വിശ്വംഭരന്‍, പി. നൗഷാദ്, രാജേഷ് കുണ്ടായിത്തോട്, ചന്ദ്രന്‍ നാദാപുരം, രഘു കൂട്ടാലിട, ഉമ്മര്‍ പുതിയങ്ങാടി, പ്രദീപന്‍ കുട്ടമ്പൂര്‍, ടി എ സലാം എന്നിവര്‍ സംസാരിച്ചു.