കോഴിക്കോട്: സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സന്‍ പിടിയിലായതോടെ പുറത്തുവരുന്നത് ആള്‍ക്കൂട്ട വിചാരണയുടെ ഭീകര കഥകള്‍. മൃഗീയമായ ആള്‍ക്കൂട്ട വിചാരണയുടെയും മര്‍ദ്ദനത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സിദ്ധാര്‍ഥനെ മൂന്നുദിവസം ക്രൂരമായി മര്‍ദിക്കുകയും ആള്‍ക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തത് സിന്‍ജോ ജോണ്‍സനാണ്. ബെല്‍റ്റ് പൊട്ടുന്നത് വരെ സിദ്ധാര്‍ഥനെ അടിച്ചു. അവശനായി നിലത്തുകിടന്ന സിദ്ധാര്‍ഥന്റെ ശരീരത്തിന് മുകളില്‍ കസേരയിട്ടിരുന്ന് ക്രൂരമായിട്ടാണ് മര്‍ദിച്ചത്.
ഹോസ്റ്റലിന്റെ നടുമുറ്റത്തിട്ടും ഡോര്‍മെറ്ററിയില്‍വെച്ചും കാമ്പസിലെ പാറയ്ക്ക് മുകളില്‍വെച്ചും ക്രൂരമായി ആക്രമിച്ചപ്പോള്‍ ഇതിന് നേതൃത്വം നല്‍കിയതും സിന്‍ജോയായിരുന്നു. സംഭവം ഹോസ്റ്റലിന് പുറത്തറിഞ്ഞാല്‍ തല കാണില്ലെന്ന് മറ്റ് അന്തേവാസികളെയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍ സിന്‍ജോക്കൊപ്പം അഖിലും പ്രതിയാണ് ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ആള്‍ക്കൂട്ട വിചാരണയും ആക്രമണവും ആസൂത്രണം ചെയ്തതെന്നായിരുന്നു മൊഴി. ഇന്ന് പുലര്‍ച്ചെയോടെയാണ് സിന്‍ജോയെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ സിന്‍ജോ അടക്കമുള്ളവരെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍പോയി. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് സിന്‍ജോയെ പിടികൂടിയിരിക്കുന്നത്.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി, എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരടക്കം 13 പ്രതികളാണ് ഇതുവരെ പിടിയിലായത്. സംഭവത്തില്‍ 18 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കാശിനാഥന്‍ എന്ന പ്രതിയും കീഴടങ്ങി. സിദ്ധാര്‍ത്ഥിനെതിരായ എല്ലാ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് എസ്എഫ്‌ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നേരത്തെ എസ് എഫ് ഐക്കാരായ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കീഴടങ്ങിയ പ്രതികള്‍ക്ക് പുറമേ ഇന്നലെ ഒരാള്‍ കോടതിയിലും കീഴടങ്ങി. മലപ്പുറം സ്വദേശിയും നാലാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ അമീന്‍ അക്ബര്‍ അലിയാണ് (25) കല്പറ്റ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്.
വ്യാഴാഴ്ച കീഴടങ്ങിയ കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍, പൊലീസ് പിടികൂടിയ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഷാന്‍ എന്നിവരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി. കല്പറ്റ ഡിവൈ.എസ്.പി ടി, എന്‍. സജീവന്റെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.