പെണ്‍കുട്ടി ആരാണെന്ന ചോദ്യം സജീവമാക്കി കുടുംബം, ജാതി പറഞ്ഞും സിദ്ധാര്‍ത്ഥിനെ അധിക്ഷേപിച്ചു

Kerala

കല്പറ്റ: സിദ്ധാര്‍ത്ഥിനെ എസ് എഫ് ഐക്കാര്‍ പൈശാചിക മര്‍ദനത്തിനിരയാക്കി കൊലചെയ്യപ്പെട്ട സംഭവത്തില്‍ വ്യാജ പരാതിയുമായി എത്തിയ പെണ്‍കുട്ടി ആരെന്ന ചോദ്യം സജീവമാക്കി കുടുംബം. സിദ്ധാര്‍ത്ഥിനെ കുടുക്കാനായി വ്യാജ പരാതി കൊടുത്ത പെണ്‍കുട്ടിയില്‍ ദുരൂഹത തുടരുകയാണ്. ഇതിനിടെയാണ് പെണ്‍കുട്ടി ആരാണെന്ന ചോദ്യം സജീവമാക്കി കുടുംബം രംഗത്തെത്തിയത്.

സിദ്ധാര്‍ത്ഥിനെ കൊന്നതിന് ശേഷം ന്യായീകരിക്കുന്നതിനായി ആ പരാതി എസ് എഫ് ഐക്കാര്‍ തന്നെ എഴുതി നല്‍കിയതാണോ എന്ന സംശയവും ഇതിനിടെ ഉയരുന്നുണ്ട്. അതുകൊണ്ടാണ് പെണ്‍കുട്ടിയിലേക്ക് അന്വേഷണം എത്താത്തെന്നാണ് സൂചന. പൊതു സമൂഹം ഞെട്ടലോടെ കേട്ട കൊലയാണ് സിദ്ധാര്‍ത്ഥിന്റേത്. ഇതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സിബിഐ അന്വേഷണമാണ് ആവശ്യം. ഇത് പരിഗണിച്ച് തന്നെ അന്വേഷണം സര്‍ക്കാരിന് ഉത്തവിടാം. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണത്തിന് പോലും സര്‍ക്കാര്‍ തയ്യാറല്ല. ഇതിന് കാരണം അന്വേഷണം ശരിയായ ദിശയില്‍ മുമ്പോട്ട് പോയാല്‍ അദ്ധ്യാപകര്‍ അടക്കം പ്രതികളാകും എന്നതു കൊണ്ടാണെന്ന ആരോപണവുംരുനനുണ്ട്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ഗുരുതര ആക്ഷേപമാണ് സിദ്ധാര്‍ത്ഥിന്റെ കുടുംബം പറയുന്നത്. തന്റെ മകന്‍ സിദ്ധാര്‍ത്ഥ് സഹപാഠികളുടെ ജാതി അധിക്ഷേപങ്ങള്‍ക്കും വിധേയനായെന്ന് പിതാവ് ജയപ്രകാശ് പറഞ്ഞു. ‘ഞങ്ങള്‍ ലക്ഷങ്ങള്‍ കൊടുത്ത് കയറി, നീ റിസര്‍വേഷന്‍ വഴി വന്നതല്ലേ’ എന്നു പറഞ്ഞ് നിരന്തരം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അവന്‍ ഇതെല്ലാം എന്നെ വിളിച്ചു പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കേണ്ടെന്നും പഠനത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും ഞാന്‍ ആശ്വസിപ്പിച്ചിരുന്നുവെന്നും ജയപ്രകാശ് പറയുന്നു.

അതേസമയം സിദ്ധാര്‍ത്ഥ് ക്രൂരമായി കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന് തെളിവുകള്‍ പുറത്തു വരുമ്പോഴും ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് ആത്മഹത്യയില്‍ ഒതുക്കാനാണ് സര്‍ക്കാറും പൊലീസും ശ്രമിക്കുന്നത്. ‘കഴിഞ്ഞതു കഴിഞ്ഞു, ഇനി ഇതാരും പ്രശ്നമാക്കരുത്’ എന്ന് വിദ്യാര്‍ത്ഥികളെ വിളിച്ചു ചേര്‍ത്ത് ഡീന്‍ ആവശ്യപ്പെട്ടതിന് തെളിവുണ്ട്. അതുകൊണ്ട് കോളേജ് ഡീനിനെ കേസില്‍ പ്രതിയാക്കണം. കേസിലെ പ്രതികളെ പിക്നിക്കിന് കൊണ്ടുപോകും പോലെയാണ് തെളിവെടുപ്പിന് എത്തിച്ചതെന്നും പിതാവ് പറയുന്നു.

സിദ്ധാര്‍ത്ഥിന്റെ മരണത്തിനുശേഷം പരാതി നല്‍കിയ പെണ്‍കുട്ടി ആരാണ്. ആ കുട്ടിയെ കണ്ടെത്തേണ്ടേ. പരാതിയുടെ പൂര്‍ണ വിവരം പുറത്തു വിടാന്‍ പൊലീസ് തയ്യാറാവണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തുവെന്ന് പ്രചരിപ്പിച്ചതിന് ശേഷം അതിന് ബലമേകാന്‍ ചില എസ് എഫ് ഐക്കാര്‍ എഴുതി തയ്യറാക്കിയതാണ് ആ പരാതിയെന്നാണ് ആരോപണം. ആത്മഹത്യാ കാരണമില്ലെങ്കില്‍ എല്ലാം പൊളിയുമെന്ന് മുന്‍വിധിയായിരുന്നു ആ പരാതിക്ക് പിന്നിലെന്നും ജയപ്രകാശ് പറഞ്ഞു.