കൊണ്ടോട്ടി: കേരള സർക്കാർ സമം പദ്ധതിയുടെ ഭാഗമായി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സംഘടിപ്പിച്ച ” മഹിള മാപ്പിള കലോത്സവം” സർവ്വദേശീയ മഹിളാ ദിനത്തിൽ നടത്തിയവനിതാ സെമിനാർ, വൈദ്യർ കാവ്യാലാപന മത്സരം എന്നിവയോടെ സമാപിച്ചു.
“സ്ത്രീ- സമൂഹം,കല, പ്രതിരോധങ്ങൾ” എന്ന ശീർഷകത്തിലുള്ള വനിതാ സെമിനാർ എഴുത്തുകാരി ബി എം സുഹറ ഉദ്ഘാടനം ചെയ്തു. സ്ത്രീ അവളുടെ സ്വന്തം വഴികൾ സ്വയം വെട്ടി തുറക്കാനുള്ള ആർജ്ജവം കാണിച്ചുകൊണ്ട് മുന്നോട്ടു വരേണ്ടതുണ്ടെന്നും അതിലൂടെ മാത്രമേ അർഹതപ്പെട്ട
സ്വാതന്ത്ര്യവും അവകാശങ്ങളും നേടിയെടുക്കാൻ കഴിയുകയുള്ളൂ എന്നും അവർ അഭിപ്രായപ്പെട്ടു.
” സ്ത്രീപദവി – ഇന്ത്യയും കേരളവും” എന്ന വിഷയത്തിൽ കുടുംബ ശ്രീ സംസ്ഥാന ഗവേണിംഗ് കൗൺസിൽ അംഗം പി കെ സൈനബ, ” സ്ത്രീ- മലയാള സാഹിത്യത്തിൽ ” എന്ന വിഷയത്തിൽ ഡോക്ടർ മിനി പ്രസാദ്, ” മാപ്പിള കലകളിലെ സ്ത്രീ സാന്നിധ്യം ” എന്ന വിഷയത്തിൽ റഹീന കൊളത്തറ എന്നിവർ പ്രഭാഷണം നടത്തി. അക്കാദമി അംഗം സെലീന സലീം മോഡറേറ്ററായി. കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹ് റാബി സി ടി, മുനിസിപ്പൽ കൗൺസിലർ ഷാഹിദ,സിന്ധു മണ്ണൂർ, ലുബി കൊണ്ടോട്ടി തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ള 150 വനിതാ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
ഉച്ചക്ക് ശേഷം നടന്ന വൈദ്യർ കാവ്യാലാപന മത്സരത്തിൽ അദീബ പി എൻ, ഖദീജ മുശ് രി ഫ.ഓ പി, നൈന വി പി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുക്കം സാജിത, ഇഷ്റ ത്ത് സബ, പ ക്കർ പന്നൂർ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
മഹിള മാപ്പിള കലോത്സവത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അനുമോദന സമ്മേളനത്തിൽ ടി കെ ഹംസ, ഫൈസൽ എളേറ്റിൽ, ബഷീർ ചുങ്കത്തറ, പുലിക്കോട്ടിൽ ഹൈദരലി, ബാപ്പു വാവാട്, ഒ . പി. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു