മൈലാഞ്ചി മൊഞ്ചില്‍ കോഴിക്കോട്

Kerala News

കോഴിക്കോട്: മൈലാഞ്ചി മൊഞ്ചും നുണക്കുഴിച്ചിരിയുമായി വേദിയില്‍ എത്തുന്ന മണവാട്ടി. ഇമ്പത്തില്‍ പാട്ടു പാടിയും പാട്ടിനൊത്ത് താളത്തില്‍ കൈ കൊട്ടിയും സഖിമാര്‍. ഒപ്പനപ്പാട്ടിന്റെ ഇശല്‍ മഴയില്‍ കലോത്സവ വേദിയില്‍ മൊഞ്ചത്തിമാര്‍ നിറഞ്ഞാടി. നാരിമാരുടെ വാഴ്ത്തിപ്പാട്ടും മണവാട്ടിയുടെ നാണച്ചിരിയും ചന്തത്തിലുള്ള ചുവടുകളും കൂടിയായപ്പോള്‍ സംഗതി ജോറായി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലാണ് ഒപ്പന മത്സരം അരങ്ങേറിയത്. മലബാറിന്റെ തനതു മാപ്പിള കലാരൂപമായ ഒപ്പന കാണാന്‍ ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്. വെള്ള പെങ്കുപ്പായവും കാച്ചിമുണ്ടുമുടുത്തു പരമ്പരാഗത വേഷത്തില്‍ നാരിമാരെത്തി. വളക്കിലുക്കവും മെയ്താളവും ചേര്‍ന്നപ്പോള്‍ ഒപ്പന കാണാന്‍ എത്തിയവരുടെ ഖല്‍ബ് നിറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകള്‍ അണിനിരന്നു. 12 അപ്പീലുകളും ഇക്കുറിയുണ്ട്. രണ്ടു മണിക്ക് ശേഷം ആരംഭിച്ച ഒപ്പന മത്സരം രാത്രി എട്ടര വരെ നീണ്ടു.

Leave a Reply

Your email address will not be published. Required fields are marked *