ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുക: കേരള ജംഇയ്യത്തുൽ ഉലമ

Kozhikode

കോഴിക്കോട്: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന വർഗീയ പ്രീണന ശ്രമങ്ങളെ ജനാധിപത്യ മാർഗ്ഗത്തിലൂടെ നേരിടണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു. ഇന്ത്യാ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം തകർക്കാനാണ് പൗരത്വ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ജനങ്ങളെ പല തട്ടുകളായി വിഭജിച്ച് അധികാരത്തിൽ തുടരാനുള്ള നീക്കമാണ് ഈ തിരക്കിട്ട നടപടിക്ക് പിന്നിലുള്ളത്.

മുസ്‌ലിം ന്യൂനപക്ഷത്തെ പൊതുധാരയിൽ നിന്ന് അകറ്റാനും അവർക്ക് മാനുഷികമായ അവകാശങ്ങൾ നിഷേധിക്കാനുമുള്ള ഗൂഢലക്ഷ്യമാണ് ഭരണകൂടം വെച്ചു പുലർത്തുന്നത്.
സംഘപരിവാർ നയങ്ങൾക്കെതിരെ ജനാധിപത്യ മതേതര കക്ഷികളുടെ കൂട്ടായ്മയുടെ അനിവാര്യത ഇത്തരം നടപടികൾ നമ്മെ ബോധ്യപ്പെടുത്തുകയാണ്.

ഇത്തരം ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ നടക്കുന്ന നിയമ പോരാട്ടങ്ങൾ ത്വരിതപ്പെടുത്താൻ ബന്ധപ്പെട്ട കക്ഷികൾ തയ്യാറാവണം. ന്യൂനപക്ഷ പാർട്ടികളും മതേതര കക്ഷികളും നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തിപകരാനും പിന്തുണ നൽകാനും ജനാധിപത്യ ബോധമുള്ള മുഴുവൻ ജനങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് കെ ജെ യു പ്രസിഡന്റ്‌ എം മുഹമ്മദ്‌ മദനി സെക്രട്ടറി ഹനീഫ് കായക്കൊടി എന്നിവർ ആഹ്വാനം ചെയ്തു.