ആയഞ്ചേരി : ഏഴര ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിലെ പുത്തൻപുരയിൽ മുക്ക് – നരസിംഹമൂർത്തി ക്ഷേത്രം – മംഗലാട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ എ.സുരേന്ദ്രൻ നിർവ്വഹിച്ചു. പ്രദേശത്തുകാരുടെയും ക്ഷേത്ര വിശ്വാസികളുടെയും മുറവിളിക്ക് പരിഹാരമാവുന്നതിന് വേണ്ടിയാണ് ഫണ്ട് ലഭ്യമാക്കിയത്.
അരൂറ മലയുടെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്നതും ഒരേക്കറോളം പരന്ന് കിടക്കുന്ന നരസിംഹമൂർത്തി ക്ഷേത്രക്കുളം ഉൾപ്പെടെ പ്രദേശത്തിന്റെയും കുയ്യടിപ്പാറയിൽ താമസിക്കുന്നവരുടെയും ജലസംഭരണി കൂടിയാണ് ഇവിടം. മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും നിർമ്മിച്ച കുയ്യടി പാറ കുടിവെളള പദ്ധതിയുടെ കിണർ ക്ഷേത്രപറമ്പിലാണ് സ്ഥിതി ചെയ്യുന്നത്.
റോഡ് കടന്ന് പോകുന്ന സ്ഥലം ഏറ്റവും ജലസ്രോതസ്സുള്ളതായത് കൊണ്ട് മഴക്കാലത്ത് കാൽപാദം ചതുപ്പിൽ താഴ്ന്നു പോകുന്ന അവസ്ഥയ്ക്ക് പരിഹാരമാവുമെന്ന് മെമ്പർ പറഞ്ഞു. പനയുള്ളതിൽ അമ്മത് ഹാജി, കുളങ്ങരത്ത് നാരായണൻ, എം.എം മുഹമ്മദ്, റോഡ് വികസന സമിതി ചെയർമാൻ അച്ചുതൻ മലയിൽ, കൺവീനർ വി.കെ സോമസുന്ദരൻ മാസ്റ്റർ, സി.വി ഷെമീം,മലയിൽ ചന്ദ്രി, സി.വി. പാത്തു സി.വി ചന്ദ്രി,തുടങ്ങിയവർ സംബന്ധിച്ചു.