അരീക്കോട്: റമദാൻ നൽകുന്ന സന്ദേശം ജീവിതത്തിലൂടെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കാൻ വിശ്വാസി സമൂഹം തയ്യാറാവണമെന്ന് സൗദി എംബസി അറ്റാഷെ ബദർ നാസിർ അൽ അനസി ആവശ്യപ്പെട്ടു. എടവണ്ണ എടവണ്ണ ജാമിഅഃ നദ്‌വിയ്യഃ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റമദാൻ പഠിപ്പിക്കുന്നത് ജീവിത മൂല്യങ്ങളാണ്. വ്യക്തിജീവിതത്തെ ശുദ്ധീകരിക്കാനും അതുവഴി സാമൂഹിക മാറ്റത്തിന് പ്രചോദനം നൽകുവാനും വിശ്വാസി സമൂഹത്തിന് സാധിക്കും. തിന്മകൾക്കെതിരെയുള്ള ശക്തമായ പരിചയാണ് വ്രതം. തിന്മകൾ സമൂഹത്തിന്റെ എല്ലാ പുരോഗതിക്കും തടസ്സം നിൽക്കുന്നുവെന്ന് തീറ്റിച്ചറിയണം.
തിന്മകൾ ഇല്ലാതാക്കാനുള്ള ശ്രമം വ്യക്തിയിൽ നിന്നാണ് ആരംഭിക്കേണ്ടതെന്നും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാസമായ റമദാൻ പരസ്പരം ഒന്നിച്ചിരിക്കാനും സൗഹൃദം പങ്കുവെക്കാനും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷവും വെറുപ്പും സമൂഹത്തിൽ അകൽച്ച വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. പരസ്പരം അടുക്കാനും സൗഹൃദം പങ്കുവെക്കാനും റമദാൻ മാസത്തെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ. എൻ. എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ: എൻ. വി അബ്ദു റഹ്‌മാൻ, കെ. എൻ. എം സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, കെ. എൻ. എം സെക്രട്ടറി അബ്ദുറഹ്മാൻ മദനി പാലത്ത്, ജാമിഅഃ നദ്‌വിയ്യഃ ട്രസ്റ്റ് ബോർഡ് സെക്രട്ടറി എം. ടി അബ്ദുസമദ് സുല്ലമി, ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി, ശരീഅഃ കോളേജ് പ്രിൻസിപ്പാൾ എൻ. മുഹമ്മദ് അലി അൻസാരി, ഷുക്കൂർ സ്വലാഹി, ഡോ പി പി അബ്ദുൽ ഹഖ് നൗഫൽ മദീനി എന്നിവർ സംസാരിച്ചു