മില്‍മയും ഇന്ത്യന്‍ ഡെയറി അസോസിയേഷനും ചേര്‍ന്ന് ക്ഷീര കര്‍ഷക സെമിനാര്‍ നടത്തി

Kozhikode

കോഴിക്കോട്: മലബാര്‍ മില്‍മയും ഇന്ത്യന്‍ ഡെയറി അസോസിയേഷനും സംയുക്തമായി ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ക്ഷീര കര്‍ഷക സെമിനാര്‍ നടത്തി. ബാലുശേരി മലബാര്‍ കോഫി ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ് ഉദ്ഘാടനം ചെയ്തു.

ക്ഷീര കര്‍ഷകര്‍ക്ക് പാലുത്പാദനത്തിന്റെ 70 ശതമാനം ചിലവും വരുന്നത് തീറ്റക്കുവേണ്ടിയാണ്. മറ്റൊരു ചിലവ് ചികിത്സക്കാണ്. പോഷക ദായകമായ കൂടുതല്‍ പാലുത്പാദന ക്ഷമതയുള്ള തീറ്റകള്‍ നല്‍കുക, തൊഴുത്തുകളെയും ഉരുക്കളെയും വൃത്തിയായി സൂക്ഷിച്ച് അസുഖങ്ങളെ അകറ്റി നിര്‍ത്തുക എന്നിവയാണ് ലാഭകരമായ പാലുത്പാദനത്തിനു വേണ്ടത്. അതു കൊണ്ടുതന്നെ ഗുണമേന്മയുള്ള തീറ്റ വസ്തുക്കള്‍ മിതമായ നിരക്കില്‍ എത്തിച്ച് കര്‍ഷര്‍ക്ക് മലബാര്‍ മില്‍മ ലഭ്യമാക്കുന്നുണ്ട്. കെ.സി. ജെയിംസ് പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ ചെയര്‍മാനും വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആന്റ് ഫുഡ് ടെക്‌നോളജിയിലെ ഡീനുമായ എസ്.എന്‍. രാജകുമാര്‍ അധ്യക്ഷത വഹിച്ചു. മില്‍മ ഭരണ സമിതി അംഗങ്ങളായ പി. ശ്രീനിവാസന്‍, ഗിരീഷ് കുമാര്‍ പി.ടി, പി&ഐ മാനേജര്‍ ഐ.എസ്. അനില്‍ കുമാര്‍, പി&ഐ ജില്ലാ യൂണിറ്റ് ഹെഡ് പ്രദീപന്‍ പി.പി. എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ‘കാലി രോഗങ്ങളും പ്രതിവിധികളും’, ലാഭകരമായ പാലുത്പാദനത്തിന് അവലംഭിക്കുന്ന നൂതന രീതികള്‍ എന്നീ വിഷയങ്ങളെ അധികരിച്ചുള്ള അവതരണങ്ങള്‍ നടന്നു. പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് കോളജ് പ്രതിരോധ വിഭാഗം മേധാവി അസോ. പ്രഫസര്‍ ഡോ. ദീപ പി.എം, മണ്ണുത്തി വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് കോളജ് ന്യൂട്രീഷന്‍ വിഭാഗം മേധാവി അസി. പ്രഫസര്‍ ഡോ. സജിത്ത് പുരുഷോത്തമന്‍ എന്നിവര്‍ ക്ലാസെടുത്തു. ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ മുന്‍ ദക്ഷിണ മേഖലാ അംഗം ഡോ.സി.ടി.സത്യന്‍ മോഡറേറ്ററായിരുന്നു.
ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ക്ഷീര മേഖലയിലെ സാഹോദര്യം ഊട്ടിയുറപ്പിക്കാനായി രാജ്യവ്യാപകമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങില്‍ നിന്നായി തെരഞ്ഞെടുത്ത 200-ഓളം ക്ഷീര കര്‍ഷകര്‍ പങ്കെടുത്തു,