ക്രിപ്റ്റോ കറൻസി, എൻ എഫ് റ്റി ലോകത്ത് വിസ്മയച്ചുവടുകളുമായി മലയാളിക്കുട്ടികൾ

Thiruvananthapuram

തിരുവനന്തപുരം: സാമ്പത്തികലോകത്തെ പരിചയസമ്പന്നരായ പ്രൊഫഷനലുകൾ പോലും അതിസങ്കീർണമായി കരുതുന്ന ബ്ലോക്ക് ചെയിൻ ഡിജിറ്റൽ കറൻസിയുടെ ലോകം കീഴടക്കാനൊരുങ്ങി മൂന്ന് മലയാളിക്കുട്ടികൾ. കേരളത്തിലെ ലിറ്റിൽ ഹാർട്ട് സ്കൂളിലെ ദേവിക എൽകെ, എളമക്കര ഭവൻസ് വിദ്യാമന്ദിർ വിദ്യാലയത്തിലെ ആര്യൻ വി, ഷാർജ ഇന്ത്യൻ സ്കൂളിലെ ഫിദ ഫാത്തിമ എന്നിവരാണ് ക്രിപ്‌റ്റോകറൻസി, നോൺ-ഫംഗബിൾ ടോക്കൺ (എൻഎഫ്‌ടി) എന്നിവയുടെ ലോകത്ത് സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം തന്നെ സമയം ചിലവഴിക്കുന്നത്. ഒരു ഹോബി എന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും ഈ നവീന സാങ്കേതിക വിദ്യകളിലെ സങ്കീർണതകളുടെ കുരുക്കുകൾ അനായാസം അഴിച്ചെടുക്കുകയാണ് ഇപ്പോൾ അവർ.

ഏരീസ് ഗ്രൂപ്പ്, എഐഎംആർഐ ഇൻഡസ്ട്രിയൽ ഓറിയൻ്റഡ് എജ്യുക്കേഷൻ സിസ്റ്റം എന്നിവയുടെ സ്ഥാപക ചെയർമാനായ സർ സോഹൻറോയിയുടെ മാർഗ്ഗനിർദ്ദേശങ്ങളാണ് തങ്ങൾക്ക് പ്രചോദനമായതെന്ന് കുട്ടികൾ പറയുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ രൂപം നൽകിയ ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന്റെ അംഗത്വവും തങ്ങളുടെ കഴിവുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പരിശീലിപ്പിച്ചുവെന്ന് അവർ പറയുന്നു. ഈ ക്ലബ്ബിലെ, ‘ഏരീസ് കിഡ്സ്‌ കരിയർ ഡിസൈൻ’ പ്രോഗ്രാമാണ് ഡിജിറ്റൽ ഫിനാൻസിന്റെ ലോകത്തേക്ക് ധൈര്യപൂർവ്വം കടന്നു ചെല്ലാൻ പ്രേരകമായതെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

ഓരോ വിദ്യാർത്ഥിയ്ക്കും ജന്മസിദ്ധമായ ലഭിച്ച കഴിവുകൾ കണ്ടറിഞ്ഞ് അവയോട് പൊരുത്തപ്പെടുന്ന കരിയർ മേഖലയിൽ ചെറുപ്പം മുതലേ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുള്ള കൃത്യമായ മാർഗ്ഗ നിർദ്ദേശവും പ്രോത്സാഹനവുമാണ് സ്വന്തം ക്രിപ്റ്റോ കറൻസിയ്ക്ക് രൂപം നൽകിക്കൊണ്ട്‌ ഈ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തുവാൻ ഈ കൗമാരക്കാരെ സഹായിച്ചത്. കേവലമായ ഒരു സാമ്പത്തിക നേട്ടം എന്നതിനും അപ്പുറം സ്വന്തം പെയിന്റിംഗുകൾ സർഗാത്മകസൃഷ്ടികൾ എന്നിവ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു എൻ എഫ് റ്റി മാർക്കറ്റ് സ്ഥാപിക്കുവാനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കൂടുതൽ സാധ്യതകൾ കണ്ടെത്തുവാനുമാണ് അവർ ഭാവിയിൽ ഉദ്ദേശിക്കുന്നത്.
വളർന്നുവരുന്ന കലാകാരന്മാർക്കുള്ള ഒരു വേദിയായി ഈ സംരംഭത്തെ മാറ്റിയെടുക്കുകയും അതുവഴി അവരുടെ തുടർ ലക്ഷ്യങ്ങളെ യാഥാർത്ഥ്യത്തിൽ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. സാങ്കേതികവിദ്യയിലൂടെ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിയ്ക്കുവാൻ ഏതറ്റം വരെയും പോകാൻ തയ്യാറുള്ള പുതുതലമുറയുടെ ഭാവി പ്രവണതകളെ പൂർണ്ണമായും ഉപയുക്തമാക്കുവാൻ, ക്രിപ്റ്റോ കറൻസിയുടെ സങ്കീർണതകളിലേക്ക് കടന്നുചെന്ന് അവിടെ ഒരു എൻ എഫ് റ്റി പ്ലാറ്റ്ഫോം സൃഷ്ടിക്കുവാനുള്ള ഈ കുട്ടികളുടെ പരിശ്രമങ്ങൾ മാതൃകയാവും.

കൗമാര മനസ്സുകളുടെ ജിജ്ഞാസയുടെയും ആഗ്രഹങ്ങളുടെയും പ്രതീകമായി ദേവിക, ആര്യൻ, ഫിദ എന്നിവരെ കാണാം. കരിയറിന്റെ ശരിയായ രൂപകൽപ്പനയിലൂടെ അവരുടെ ജന്മവാസന തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ഭാവി തൊഴിൽ മേഖലയിലേക്കുള്ള പരിശീലനം കൗമാരപ്രായത്തിൽത്തന്നെ നൽകുകയും ചെയ്യുന്നതിലൂടെ പുതുതലമുറയ്ക്ക് ബിസിനസ്, സാങ്കേതിക മേഖലകളിൽ മികച്ച ഭാവി ഉറപ്പുവരുത്തുവാൻ സാധിക്കും.