കാൽപന്തു കുടുംബത്തിൽ നിന്നെത്തിയ ശകീർ ഫാറൂഖി അധ്യാപന സേവനത്തിൽ നിന്ന് പടിയിറങ്ങുന്നു

Kannur

കണ്ണൂർ: കാൽപന്തുകളി കൊണ്ട് പെരുമ തീർത്ത ഗതകാല ഓർമയിൽ ശകീർ ഫാറൂഖി പടിയിറങ്ങുന്നു. അധ്യാപന സേവനത്തിൽ നിന്ന് മത-സാമൂഹ്യ രംഗത്തും ശ്രദ്ധേയനായ ഈ അധ്യാപകന് പറയാനുണ്ട് കളിക്കളത്തിലെ അനുഭവങ്ങൾക്കൊപ്പം കുടുംബവേരും. കണ്ണൂർ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻ്ററി ഗേൾസ് സ്കൂളിലെ എച്ച്.എസ്.എ – അറബിക് അധ്യാപനത്തിൽ 31 വർഷത്തെ സേവനത്തിന് ശേഷം ഈ മാസം 31നാണ് സി.സി ശകീർ ഫാറൂഖി പടിയിറങ്ങുന്നത്. കാൽപന്തുകളി കുടുംബാംഗവുമായ ഇദ്ദേഹം 1992 ൽ നിലേശ്വരത്ത് നടന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ കണ്ണുർ ജില്ലാ ടീമിൽ താരമായിരുന്നു.

1987 ൽ കട്ടക്കിൽ നടന്ന ദേശീയ സബ് ജൂനിയർ മൽസരത്തിലും ഉദ്യോഗ മണ്ഡലിൽ നടന്ന സബ് ജൂനിയർ ഇൻ്റർ ഡിസ്ട്രിക്ക് മൽസരത്തിലും ഇടം നേടിയിട്ടുണ്ട് ശകീർ ഫാറൂഖി.കണ്ണൂർ ബ്രദേർസ് ക്ലബ് ക്യാപ്റ്റനായിരുന്ന ശകീർ ഫാറൂഖി1990 ൽ ഗോവയിൽ നടന്ന സന്തോഷ് ട്രോഫി ടുർണ്ണമെൻ്റിൽ കേരള ടീം റിസർവ് അംഗമായിരുന്നു.കലാ രംഗത്തും കഴിവ് തെളിയിച്ച ഈ അധ്യാപകൻ കാലിക്കറ്റ് സർവ്വകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ദഫ് മുട്ട് സംഘത്തിലുണ്ടായിരുന്നു. റെയിൽവെ ഉദ്യോഗസ്ഥനായ സഹോദരൻ നിസാറും ദേശീയ താരമാണ്. മക്കളായ സൽമാൻ ഫാരിസും ശാദ് അമനും പഠനത്തോടൊപ്പം കാൽപന്തുകളിയിലുണ്ട്.താണ കണ്ണൂക്കര സ്വദേശിയായ ശകീർ ഫാറൂഖി കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രസിഡൻ്റ്,

ന്യൂറോ ലിൻക്വിസ്റ്റിക് പ്രോഗ്രാം മാസ്റ്റർ ട്രെയിനർ, സലഫി എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, താണ മുനീറുൽ ഇസ്ലാം സംഘം എക്സിക്യൂട്ടീവ് അംഗം എന്നീ മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. അവിഭക്ത കെ.എൻ.എം ജില്ലാ പ്രസിഡൻ്റും കണ്ണൂർ സബ് ട്രഷറി ഓഫീസറുമായിരുന്ന പരേതനായ ടി.പി.എ റഹീമിൻ്റെയും സി.സി മൈമൂനത്തിൻ്റെയും മകനാണ്. തുടർകാലം മത- സാംസ്ക്കാരിക – സാമൂഹിക ക്ഷേമ ഖേലയ്ക്കൊപ്പം കാൽപന്തുകളിയിലും സജീവമാകുകയാണ് ലക്ഷ്യം. കണ്ണൂർ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കെ ശബീനയും നാല് മക്കളുമടങ്ങുന്നതാണ് കുടുംബം.