സർക്കാർ വഞ്ചനയിൽ കെ.എസ്.എസ്.പി.എ പ്രതിഷേധിച്ചു

Kannur

തളിപ്പറമ്പ: 11-ാം ശമ്പള പരിഷ്ക്കരണത്തിലെ മൂന്നാം ഗഡു പെൻഷൻ പരിഷ്ക്കരണ കുടിശികയോടൊപ്പം നൽകേണ്ട ക്ഷാമ ശ്വാസ കുടിശിക നൽകാതെ സർക്കാർ വഞ്ചിച്ചതിൽ കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ സബ്ട്രഷറിക്കു മുന്നിൽ പ്രകടനവും യോഗവും നടത്തി പ്രതിഷേധിച്ചു.

കുടിശിക പിടിച്ചു വെച്ചത് മൂലം കിട്ടാതെ ഒന്നേകാൽ ലക്ഷം പേരാണ് മരണമടഞ്ഞത്. ഇതു കൂടാതെ 2021 ജനുവരി മുതൽ 2024 ജനുവരി വരെ നൽകേണ്ട 7ഗഡു ഡി.എയായ 21 ശതമാനം കുടിശികയിൽ 2 ശതമാനം 2024 ഏപ്രിൽ മുതൽ മാത്രം നൽകി 2021 ജനുവരി മുതലുള്ള 39 മാസത്തെ കുടിശികയും മുക്കിയിരിക്കുന്നുവെന്നും കെ.എസ്.എസ്.പി.എ ആരോപിച്ചു.1.7.2024 മുതൽ പ്രാബല്യത്തിൽ വരുന്ന 12 -ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കാതെ നീട്ടിക്കൊണ്ടു പോകുകയാണെന്നും സർക്കാറിൻ്റെ ഭാഗമായിട്ടുള്ള ജീവനക്കാരെയും അധ്യാപകരേയും ശേഷം പെൻഷൻകാരെയും ശത്രുതാ മനോഭാവത്തോടെയാണ് സർക്കാർ കാണുന്നതെന്നും അവഗണനയുടെ പ്രത്യാഘാതം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രകടിപ്പി ക്കുമെന്നും മുന്നറിയിപ്പ് നൽകി.

സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി.സുഖദേവൻ, ജില്ലാ സെക്രട്ടറി കെ.സി രാജൻ, ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, പാച്ചേനി കൃഷ്ണൻ, പി.എം മാത്യു, എം.കെ കാഞ്ചനകുമാരി പ്രസംഗിച്ചു. പ്രകടനത്തിന് കെ.മധു,ഇ വിജയൻ, പി.ജെ മാത്യു, വി.സി പുരുഷോത്തമൻ ,ആർ.വി വാസന്തി നേതൃത്വം നൽകി.