ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബോംബ് നിര്‍മ്മാണം, നാല് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Kerala

കണ്ണൂര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബോംബ് നിര്‍മ്മാണം നടത്തിയ സംഭവത്തില്‍ നാലു സി പി എം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാനൂരിലെ ബോംബ് സ്‌ഫോടനത്തില്‍ കസ്റ്റഡിയിലെടുത്ത നാല് സി പി എം പ്രവര്‍ത്തകരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നേരത്തെ നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെ നാലാമനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കസ്റ്റഡിയിലുണ്ടായിരുന്ന സായൂജാണ് അറസ്റ്റിലായത്. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇന്ന് നടത്തിയ തെളിവെടുപ്പിനിടെ പാനൂരില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. സ്‌ഫോടനം നടന്ന വീടിന് സമീപത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഏഴ് ബോംബുകളാണ് വീടിന്റെ പരിസര പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് ബോംബ് ശേഖരം കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെടുത്തത്. കുപ്പിച്ചില്ലുകള്‍, വെടിമരുന്ന് എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

ദിവസങ്ങള്‍ മുമ്പ് തന്നെ പ്രതികള്‍ ബോംബ് നിര്‍മാണം തുടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനീഷ് എന്നയാളാണ് ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് സി പി എം പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ് പിടിയിലായത്.

പ്രതികള്‍ നേരത്തെയും രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് പൊലീസ് അറിയിച്ചു. ആകെ പത്തോളം പേരാണ് ബോംബ് നിര്‍മിക്കാനെത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതില്‍ എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പാനൂര്‍ മൂളിയന്തോട് വീടിനുള്ളില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ വ്യാപക ആക്രമണത്തിന് പദ്ധതിയിട്ടാണ് സി പി എം ബോംബ് നിര്‍മ്മിക്കുന്നതെന്ന ആരോപണം ശക്തമാണ്. പാനൂരിലെ ബോംബ് നിര്‍മ്മാണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് അറസ്റ്റിലാകുന്നത് എന്നത് പാര്‍ട്ടിയെ കുഴക്കുന്നുണ്ട്.