ബി ജെ പിയില്‍ നിന്നും ഘര്‍വാപ്പസി, ജില്ലാ കമ്മിറ്റിയംഗം പാര്‍ട്ടി വിട്ട് തിരികെ കോണ്‍ഗ്രസില്‍

Kerala

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ ചേക്കേറിയവര്‍ തിരികെ കോണ്‍ഗ്രസിലേക്ക്. തിരുവനന്തപുരത്താണ് നിലവിലെ ബി ജെ പി ജില്ലാ കമ്മിറ്റി അംഗം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് വിട്ട് നേരത്തെ ബി ജെ പിയില്‍ എത്തിയ ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ഫ്രാന്‍സിസ് തിരികെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ആളുകളെത്തുന്നത് പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തിയിട്ടുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ തീര മേഖലയില്‍ ബി ജെ പി നേതാക്കള്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് അംഗത്വമെടുത്ത ശേഷം ഫ്രാന്‍സിസ് ആല്‍ബര്‍ട് പറഞ്ഞു. ഇക്കാര്യങ്ങള്‍ താനും കേട്ടിട്ടുണ്ടെന്ന് തലസ്ഥാന മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും വ്യക്തമാക്കി. അതേസമയം ബി ജെ പി നേതാക്കള്‍ തന്നെയാണോ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതെന്ന് തനിക്ക് അറിയില്ലെന്നും തരൂര്‍ പറഞ്ഞു. ഡോ ശശി തരൂരും എം എം ഹസ്സനും ചേര്‍ന്നാണ് ഫ്രാന്‍സിസ് ആല്‍ബര്‍ട്ടിന് തിരികെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.