കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് തരംഗമെന്ന് സര്‍വെ

India

ബംഗളൂരു: കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് തരഗമെന്ന് സര്‍വെ. കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് സര്‍വേ പ്രവചനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 17 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ലോക്‌പോള്‍ സര്‍വേ പ്രവചിക്കുന്നത്. ആകെ 28 സീറ്റാണ് കര്‍ണാടകയിലുള്ളത്. നിലവില്‍ ബി ജെ പിയാക്കാണ് കര്‍ണാടകയില്‍ കൂടുതല്‍ എം പിമാരുള്ളത്. ഈ നില തുടരുമെന്ന് ബി ജെ പി പ്രത്യാശിക്കുകയും അവകാശപ്പെടുകയും ചെയ്യുന്നതിനിടെയാണ് സര്‍വെ ഫലം പുറത്തുവന്നിരിക്കുന്നത്.

കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്യാരന്റികള്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് സര്‍വേ പ്രവചനം. ബി ജെ പിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സര്‍വേ പറയുന്നു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജന്‍സിയാണ് ലോക്‌പോള്‍.

തെലങ്കാനയിലും കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് സര്‍വെ പറയുന്നു. ആകെയുള്ള 17 സീറ്റില്‍ 13 മുതല്‍ 15 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്നാണ് സര്‍വെ പറയുന്നത്. ബി ആര്‍ എസ് ഒരു സീറ്റിലൊതുങ്ങും, ചിലപ്പോള്‍ അതും ലഭിക്കില്ലെന്നും സര്‍വെ പറയുന്നു. ബി ജെ പിക്ക് 2 മുതല്‍ 3 സീറ്റ് വരെ കിട്ടിയേക്കാം എന്നാണ് പറയുന്നത്. എഐഎംഐഎം ഹൈദരാബാദ് മണ്ഡലം നിലനിര്‍ത്തുമെന്നും ലോക്‌പോള്‍ സര്‍വേ വ്യക്തമാക്കുന്നു. നേരത്തെ ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും ഇന്ത്യ മുന്നണി നില മെച്ചപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.