തിരുവനന്തപുരം: കുഴല്‍പ്പണ കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ തൊടാന്‍ പോലും തയ്യാറാകാത്ത പിണറായി വിജയനാണ് രാഹുലിനെ കടന്നാക്രമിക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും പിണറായി വിജയനെ കടന്നാക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നത്.
ബി ജെ പിക്കൊപ്പം നിന്ന് എന്റെ സഹോദരന്‍ രാഹുല്‍ഗാന്ധിയെ ആക്രമിക്കുകയാണ് പിണറായി ചെയ്യുന്നത്. കേരള മുഖ്യമന്ത്രി ഒത്തു കളിക്കുന്ന ആളാണ്. ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. പിണറായിക്ക് ബി ജെ പിയുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണുള്ളതെന്നും പ്രിയങ്ക ഗാന്ധി പത്തനംതിട്ടയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് എതിരെ മാത്രമാണ് പിണറായി വിജയന്‍ സംസാരിക്കുന്നത്. ലൈഫ് മിഷന്‍, സ്വര്‍ണ്ണ കടത്ത് ഉള്‍പ്പെടെ അഴിമതികളില്‍ പെട്ട ആളാണ് പിണറായിയെന്നും പ്രിയങ്ക പറഞ്ഞു. രാജ്യം മുഴുവന്‍ സഞ്ചരിച്ചു ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് എതിരെയാണ് പിണറായി എപ്പോഴും പറയുന്നതെന്നും പ്രിയങ്ക പറഞ്ഞു.