വടകര: തന്റെ ചിത്രം മോര്‍ഫ് ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതില്‍ വിശദീകരണവുമായി വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. വീഡിയോ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പോസ്റ്റര്‍ എന്നാണ് പറഞ്ഞത്. തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോസ്റ്ററുണ്ടാക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
ശൈലജ ടീച്ചറുടെ ചിത്രം മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു എന്ന നിലയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ ആരെങ്കിലും ഈ വീഡിയോ കണ്ടിരുന്നോ എന്നും ലിങ്ക് നല്‍കുന്നവര്‍ക്ക് പാരിതോഷികവുമെല്ലാം പ്രഖ്യാപിച്ച് സൈബറിടങ്ങളും സജീവമായി. കൂടാതെ ഞാനെ കണ്ടുള്ള ഞാന്‍ മാത്രമേ കണ്ടുള്ള എന്ന ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായിരുന്നു. ഇതിനിടെയാണ് വീഡിയോ ഇല്ലെന്നും പോസ്റ്ററാണെന്നും വിശദമാക്കി കെ കെ ശൈലജ തന്നെ രംഗത്തെത്തിയത്.
അന്ന് താന്‍ തൊണ്ടയിടറി സംസാരിച്ചതല്ലെന്നും പൊടി അലര്‍ജിയായത് കൊണ്ട് തൊണ്ട പ്രശ്‌നമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ ആരുമായും പാര്‍ട്ടിക്ക് ബന്ധമില്ല. പ്രാദേശിക വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യണം എന്നത് യു ഡി എഫിന്റെ നിര്‍ബന്ധ ബുദ്ധിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീയെന്ന നിലയില്‍ അപമാനിച്ചത് മാത്രമല്ല പ്രശ്‌നം. തന്റെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്തു. രാഷ്ട്രീയ നേതാവും പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗവുമാണ് താന്‍. പുരുഷന്മാരെ പോലെ അതേ പ്രാധാന്യമുള്ളയാളാണ് താനുമെന്നും കെ കെ ശൈലജ പറഞ്ഞു.