കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കുറക്കണമെന്ന് കെ എൻ എം

Kozhikode

കോഴിക്കോട്: ഹജ്ജ് തീർത്ഥാടകർക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിശ്ചയിച്ച യാത്രാ നിരക്ക് കുറച്ച് കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലെ നിരക്കുമായി സമീകരിക്കണമെന്നും, മലബാറിൽ നിന്നുള്ള ആവശ്യപ്പെട്ട എല്ലാഹാജിമാർക്കും കരിപ്പൂരിൽ നിന്ന് തന്നെ യാത്രാ സൗകര്യം ഒരുക്കണമെന്നും കേരള നദ്‌വത്തുൽ മുജാഹിദീൻ(കെ.എൻ.എം) കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി എം.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പ് ആവശ്യപ്പെട്ടു.

നിറത്തിൻ്റെയും വംശത്തിൻ്റെയും ദേശത്തിൻ്റെയും ഭാഷയുടെയുമെല്ലാം അതീതമായി സംഗമിക്കുന്ന മാനവിക സാഹോദര്യത്തിന്റെ ഉത്തമമായ മാതൃകയാണ് ഹജ്ജ് നൽകുന്നതെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

ഹജ്ജ് പഠന ക്യാമ്പ് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി ആദ്ധ്യക്ഷത വഹിച്ചു. സി.സലീം സുല്ലമി, അലി ശാക്കിർ മുണ്ടേരി, വളപ്പിൽ അബ്ദുസ്സലാം, പി.മുഹമ്മദ് കോയ, ജുനൈദ് സലഫി, ഹാഫിസ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.