തിരുവനന്തപുരം: എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷനും വർക്കല ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും സംയുക്തമായി സമ്മാനിക്കുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ “സംഗീത പുരസ്കാരം” കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കർണാടക സംഗീത രംഗത്ത് സജീവ സാന്നിധ്യമായി നിൽക്കുന്ന പ്രമുഖ സംഗീതജ്ഞ ഗായത്രി വെങ്കട്ടരാഘവന് സമ്മാനിക്കും.
ഫൗണ്ടേഷന്റെ സംഗീതരത്ന പുരസ്കാരം സംഗീതഞ്ജൻ അനൂപ് ശങ്കറിനും “ചലച്ചിത്ര പ്രതിഭ ” പുരസ്കാരം സംവിധായകൻ ബ്ലെസ്സിക്കും “ചലച്ചിത്രരത്ന” പുരസ്കാരം നടി അപർണ ബാലമുരളിക്കും ദൃശ്യമാധ്യമ പുരസ്കാരം മാതൃഭൂമി ന്യൂസിലെ മാതു സജിക്കും സമ്മാനിക്കും. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നടി മല്ലിക സുകുമാരനാണ്.
എം എസ് ചിത്രം ആലേഖനം ചെയ്ത ഫലകം, 25001 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ പുരസ്കാരങ്ങൾ . ജിജി തോംസൺ ഐ.എ.എസ്, ഡോ. പി. ചന്ദ്രമോഹൻ, ഡോ. എം ജയപ്രകാശ്, വിജയകുമാരി മാധവൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ഫൗണ്ടേഷൻ്റെ ഇരുപതാം വാർഷികാഘോഷം മെയ് 11 ന് വർക്കല വർഷമേഘ കൺവെൻഷൻ സെൻ്ററിൽ അഡ്വ.വി. ജോയി എം.എൽ.ഏ യുടെ അധ്യക്ഷതയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ
പുരസ്കാരങ്ങൾ സമ്മാനിക്കും.
സാംസ്കാരിക സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി വി.ജി.അരുൺ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ രക്ഷാധികാരിയും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും ഡോ. പി. ചന്ദ്രമോഹൻ സുബ്ബലക്ഷ്മി അനുസ്മരണവും ഡോ. എം ജയപ്രകാശ് വാർഷിക റിപ്പോർട്ടും അവതരിപ്പിക്കുന്നു.
വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സ്മിതാ സുന്ദരേശൻ, മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് അഡ്വ.ആർ അനിൽകുമാർ, പി എം ബഷീർ, ഡോ. എം ജയരാജു, ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എസ് കൃഷ്ണകുമാർ, ബി. ജോഷി ബാസു , അഡ്വ. എസ്. രമേശൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. കൾച്ചറൽ ഫെസ്റ്റ്, ഗാനമേള, നൃത്തവിസ്മയം എന്നിവയും ഉണ്ടാകും
ഡോ. പി. ചന്ദ്രമോഹൻ ഡോ. എം.ജയപ്രകാശ്, അക്കാഡമി സെക്രട്ടറി അഡ്വ എസ്. കൃഷ്ണകുമാർ, തൊഴുവൻകോട് പുഷ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.