കോഴിക്കോട് : കേരളത്തിലെ ഇസ്‌ലാഹി നവോത്ഥാന മുന്നേറ്റത്തിന് ആശയപരമായ വ്യക്തത ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കാലം തേടുന്ന ഇസ്വ്‌ലാഹ് എന്ന സന്ദേശവുമായി കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാനത്തൊട്ടുക്കും പ്രചാരണം നടത്തും. അന്ധവിശ്വാസങ്ങളെ പുനരാനയിക്കുകയെന്നതല്ല വിശ്വാസ വിശുദ്ധിയി ലൂന്നിയ സാമൂഹ്യപരിവര്‍ത്തനമാണ് നവോത്ഥാനമെന്നതാണ് പ്രചാരണം മുന്നോട്ടു വെക്കുന്ന മുഖ്യസന്ദേശം.
മൂന്നുമാസം നീണ്ടുനില്ക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കാസര്‍കോഡ് നടക്കും. ശനിയാഴ്ച വൈകീട്ട് 4.ന് കാസര്‍കോഡ് ചട്ടഞ്ചാലില്‍ പ്രത്യേകം സജ്ജമാക്കുന്ന നഗരിയിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. കെ അബൂബക്കര്‍ അദ്ധ്യക്ഷത വഹിക്കും. എം അഹ്മദ്കുട്ടി മദനി, പ്രൊഫ. കെ പി സകരിയ്യ, അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, സി.ടി.ആയിശ, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍കലാം ഒറ്റത്താണി, റിഹാസ് പുലാമന്തോള്‍, മിസ്ബാഹ് ഫാറൂഖി, ആദില്‍ നസീഫ് മങ്കട, പി.നിഷിദ പ്രസംഗിക്കും.
സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം കേന്ദ്രങ്ങളില്‍ സന്ദേശ വിനിമയ സൗഹൃദമുറ്റം പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ, മണ്ഡലം തലങ്ങളില്‍ സെമിനാറുകള്‍, സര്‍ഗസംഗമങ്ങള്‍, ചര്‍ച്ചാവേദികള്‍, സ്‌നേഹ സംഗമങ്ങള്‍, ബഹുജന ബോധവത്കരണ വ്യക്തി സമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. നവയാഥാസ്ഥിതികതയ്ക്കും അനുഷ്ഠാന തീവ്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും നവ ലിബറലിസത്തിനുമെതിരില്‍ സാമൂഹ്യ മുന്നേറ്റം ലക്ഷ്യം വെച്ച് ഗ്രാമങ്ങള്‍തോറും പ്രഭാഷണ പരിപാടികളും സംഘടിപ്പിക്കും.