അനില പിന്മാറാന്‍ തയ്യാറായപ്പോള്‍ ഷിജു ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു, ഇരുവരുടേയും മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍

Kannur

കണ്ണൂര്‍: പയ്യന്നൂരില്‍ ആളില്ലാത്ത വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലാപാതകമാണെന്ന് പൊലീസ് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനിലയെ സുഹൃത്തായ സുദര്‍ശന പ്രസാദ് എന്ന ഷിജു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കിയതാണെന്നും പൊലീസ് പറയുന്നു.

അനിലയും ഷിജും അടുപ്പക്കാരായിരുന്നു. ഇവരുടെ അടുപ്പത്തെ തുടര്‍ന്ന് ചില പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യം വീട്ടുകാരും സ്ഥിരീകരിക്കുന്നുണ്ട്. യുവതിയെ ഷിജു വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നാണ് നിഗമനം. യുവതിയുടെ മുഖം വികൃതമാക്കിയ നിലയിലുമായിരുന്നു. മാരകമായ പരുക്കേറ്റ് മുഖം വികൃതമായനിലയിലാണ് അനിലയുടെ മൃതദേഹം അന്നൂരിലെ വീടിനുള്ളില്‍ കണ്ടെത്തിയത്.

വായില്‍നിന്നടക്കം ചോരയൊലിച്ച നിലയില്‍ വീടിനുള്ളില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു അനിലയുടെ മൃതദേഹം കിടന്നിരുന്നത്. അനിലയും ഷിജുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. രണ്ടുപേരും വിവാഹിതരാണ്. ഇരുവര്‍ക്കും രണ്ടുമക്കളുമുണ്ട്. അനിലയും ഷിജുവും ഇതിനിടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതുസംബന്ധിച്ച് പല പ്രശ്‌നങ്ങളുമുണ്ടായി. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ബന്ധുക്കളടക്കം നിര്‍ബന്ധിച്ചു. തുടര്‍ന്ന് അനില ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായെങ്കിലും ഷിജു ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്നു.

അനില മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച അനിലയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നൂരില്‍ നിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ അനീഷ് പറഞ്ഞു. അനിലയും സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് സ്റ്റോപ്പ് ചെയ്തതായിരുന്നു. ഇയാളെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് അനിലയെ കാണാതായത്. അന്ന് ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല മൃതദേഹത്തില്‍ ഉള്ളത്. രാവിലെയാണ് മരിച്ചതായ വിവരം അറിയുന്നത് എന്നും സഹോദരന്‍ അനീഷ് പറഞ്ഞു.

മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാനില്ലെന്ന് പരാതി നല്‍കിയതിന്റെ പിറ്റേ ദിവസമാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂര്‍ പോയതിനാല്‍ മാതമംഗലം സ്വദേശി സുദര്‍ശന്‍ പ്രസാദിനെയാണ് വീടു നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്.

വീട് നോക്കാനും വീട്ടിലെ രണ്ട് നായ്ക്കളെ പരിപാലിക്കാനും വീട്ടുടമ ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷിജു സുഹൃത്തായ അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തിയെന്നും തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരന്‍ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടത്.