ഇടതിന്‍റെ ഇന്ത്യയിലെ ഏക മുഖ്യന്‍ കേരളം വിട്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാതെ വിദേശ ടൂറില്‍

Kerala

തിരുവനന്തപുരം: സി പി എം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് പുല്ലുവില കല്‍പ്പിച്ച് മുഖ്യമന്ത്രി വിദേശ ടൂറില്‍. ‘ഇടതില്ലെങ്കില്‍ ഇന്ത്യയില്ല’ എന്നതായിരുന്നു തെരഞ്ഞെടുപ്പില്‍ സി പി എം ഉയര്‍ത്തിയ മുദ്രാവാക്യം. എന്നാല്‍ ഇടതിന്റെ ഇന്ത്യ കേരളം മാത്രമോ എന്ന ചോദ്യം എതിരാളികളില്‍ മാത്രമല്ല പാര്‍ട്ടിക്കാരില്‍ പോലും ഉയര്‍ത്തിയാണ് മുഖ്യമന്ത്രി കുടുംബ സമേതം വിദേശ ടൂറിനിറങ്ങിയത്.

ഇടതിന്റെ ഇന്ത്യയിലെ ഏകമുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സി പി എം വളരെക്കാലം ഭരിച്ച സംസ്ഥാനമാണ് ബംഗാള്‍. ഇവിടെ സി പി എം ഏറ്റുമുട്ടുന്നത് ബി ജെ പിയോടും പാര്‍ട്ടിയെ തകര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസിനോടുമാണ്. ബംഗാളിലെ സി പി എമ്മിനെ സംബന്ധിച്ച് നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിനായി കടുത്ത പോരാട്ടം നടക്കുമ്പോഴാണ് ഇന്ത്യയിലെ ഏക സി പി എം മുഖ്യമന്ത്രി വിദേശ വിനോദ സഞ്ചാരത്തിനിറങ്ങിയത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോ അംഗം കൂടിയായ കേരള മുഖ്യന്‍ ബംഗാളില്‍ പോകാതെ തെരഞ്ഞെടുപ്പ് വേളയില്‍ കുടുംബ സമേതം ഉല്ലാസത്തിന് പോയത് പൊതുസമൂഹത്തിലും ചര്‍ച്ചയായിട്ടുണ്ട്.

ബി ജെ പിയെ ശക്തമായി നേരിടാന്‍ പാര്‍ലമെന്റില്‍ സി പി എം അംഗങ്ങള്‍ വേണമെന്നും ഇതിനായി കഴിയുന്നയത്ര സീറ്റില്‍ സി പി എം വിജയിക്കണമെന്നുമാണ് പറഞ്ഞിരുന്നത്. ഇങ്ങനെയെക്കെയാണ് സ പി എമ്മിന്റെ കാര്യങ്ങളെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതൊന്നും നോക്കാതെ വിദേശത്തേക്ക് പോയിരിക്കുകയാണ്. കേരളത്തിലെ മറ്റ് നേതാക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചരണവുമായി പോയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി അതിനൊന്നും നില്‍ക്കാതെയാണ് കുടുംബ സമേതം ഉല്ലാസ യാത്രയ്ക്ക് പോയത്.

സി പി എം കേരളം കഴിഞ്ഞാല്‍ പ്രതീക്ഷ വെക്കുന്ന ബംഗാളിലും ത്രിപുരയിലും അടക്കം പ്രചരണത്തിന് പോകാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഇതിന് മുമ്പും പിണറായി ബംഗാളില്‍ പ്രചരണത്തിനായി പോയിട്ടില്ല. പാര്‍ട്ടിക്കുള്ള ഏക മുഖ്യമന്ത്രി സി പി എമ്മിന്റെ പ്രചരണത്തിന് എത്തിയില്ലെങ്കില്‍ പിന്നെ ആരാണ് പ്രചരണത്തിന് വരേണ്ടത് എന്നാണ് ഉയരുന്ന ചോദ്യം. മറ്റുപാര്‍ട്ടികളില്‍ മന്ത്രിമാരും എം എല്‍ എമാര്‍ പോലും പ്രചരണത്തിന് പോകുമ്പോഴാണ് കേരളത്തിലെ മുഖ്യന്‍ ഇതിനൊന്നും തയ്യാറാകാതെ ഉല്ലാസ യാത്രയില്‍ മുഴുകിയിരിക്കുന്നത്.

കേരളത്തില്‍ സി പി എമ്മും കോണ്‍ഗ്രസുമാണ് പോരെങ്കില്‍ ബംഗാളിലും തൃപുരയിലും സി പി എമ്മിന്റെ എതിരാളി ബി ജെ പിയാണ്. അവിടങ്ങളില്‍ പ്രചരണത്തിന് പോയാല്‍ ബി ജെ പിക്കെതിരെ പോര്‍മുഖം തുറക്കേണ്ടി വരും. കോണ്‍ഗ്രസ് അവിടെ സി പി എമ്മിന് കൂടെയായതിനാല്‍ കുറ്റം പറയാനും പിണറായിക്ക് കഴിയില്ല. ഇതും മുഖ്യമന്ത്രിയുടെ വിദേശ യാത്രക്ക് കാരണമായി അണിയറയില്‍ പറയുന്നുണ്ട്.