സുല്‍ത്താന്‍ ബത്തേരി: വീണ്ടും നരഭോജി കടുവയുടെ സാന്നിധ്യം. ഇന്നലെ പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്താണ് വീണ്ടും കടുവാ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ കടുവയെ വെടിവച്ച് കൊല്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും. കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്.
വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി സ്വദേശി പ്രജീഷ് (36)നെ ഇന്നലെ വൈകുന്നേരമാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. ജനവാസ മേഖലയിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ ജനങ്ങള്‍ ആകെ ആശങ്കയിലാണ്. പുറത്തിറങ്ങാന്‍ ആവാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
പ്രജീഷ് വയലില്‍ പുല്ലരിയാന്‍ പോയതായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞും യുവാവ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് പാടത്ത് പ്രജീഷിന്റെ മൃതദേഹം കിടക്കുന്നത് കണ്ടത്. ഒരു കാല്‍ പൂര്‍ണമായി ഭക്ഷിച്ച നിലയിലായിരുന്നു.