എ വി ഫര്‍ദിസ്
കോഴിക്കോട്: കുറ്റിച്ചിറ ജമാഅത്ത് പള്ളി, മിശ്ക്കാല്‍ പള്ളി, മുച്ചുന്തി പള്ളി എന്നിവ കാണാന്‍ പത്തോളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പതിനഞ്ചു വിദേശ വിദ്യാര്‍ഥികളുടെ സംഘം. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ അബൂദാബി സെന്ററില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ഥികളായ പതിനഞ്ച് പേരും മൂന്ന് അധ്യാപകരുമടങ്ങിയ സംഘമാണ് കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ എത്രത്തോളം കടല്‍ കടന്നെത്തിയ അറബികളടക്കമുള്ളവരുടെ സാംസ്‌കാരിക സ്വാധീനത്തെക്കുറിച്ച് കാര്യങ്ങള്‍ പഠിച്ചതിനപ്പുറം നേരിട്ട് കണ്ടെത്തി മനസ്സിലാക്കുവാനായി എത്തിയത്.
ഏഴിന് കൊച്ചിയിലെത്തിയ സംഘം കൊടുങ്ങലൂരിലെ മാലിക് ദിനാര്‍ പള്ളി, മട്ടാഞ്ചേരി, കൊച്ചി ബിനാലെ എന്നിവ സന്ദര്‍ശിച്ച ശേഷമാണ് കോഴിക്കോട് എത്തുന്നത്. സമുദ്രം വഴിയുള്ള കുടിയേറ്റം കേരളത്തിലെ കടലോര മേഖലയിലെ ജനങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരുടെ മുഖ്യ ലക്ഷ്യം.
ബുധനാഴ്ച കോഴിക്കോട്ടെത്തുന്ന സംഘം ഉച്ചക്കു ശേഷം ബേപ്പൂരില്‍ ഉരു നിര്‍മാണ ശാല സന്ദര്‍ശിച്ചു കൊണ്ടാണ് കോഴിക്കോട്ടെ പര്യടനത്തിനു തുടക്കം കുറിക്കുന്നത്. ഇതോടൊപ്പം സുന്നാമാക്കി അടക്കമുള്ള പാരമ്പര്യ ചികിത്സ, യൂനാനി ചികിത്സാ രീതികള്‍ എന്നിവയെക്കുറിച്ചും പഠിക്കും. ഇതിനു ശേഷം പരപ്പനങ്ങാടിയില്‍ വെച്ച് മാപ്പിള കലകളായ കോല്‍ക്കളി, ദഫ്മുട്ട്, അറവന മുട്ട് എന്നിവയുടെ ലൈവ് റിക്കോര്‍ഡിംഗും നടത്തും. ശേഷം പി എസ് എം ഒ കോളെങ്കില്‍ വെച്ച് ഇവര്‍ക്ക് തിയറി ക്ലാസ്സു മുണ്ടാകും.
ചരിത്രകാരനും പി എസ് എം ഒ കോളജ് മുന്‍ അധ്യാപകനുമായ ഡോ. അബ്ദുള്‍ റസാഖ് ആണ് ഇവിടത്തെ പരിപാടികള്‍ ഇവര്‍ക്ക് വേണ്ടി കോ ഓര്‍ഡിനേറ്റ് ചെയ്യുന്നത്. ഇന്ത്യയില്‍ ഇവര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം തെക്കേപ്പുറത്തെ ഈ മൂന്നു പള്ളികളിലെ പുരാലിയിതങ്ങള്‍ പരിശോധിക്കുകയാണെന്ന് ഡോ. അബ്ദുള്‍ റസാഖ് പറഞ്ഞു.