കോര്‍ പ്ലെയ്‌സ്‌മെന്‍റിലൂടെ റെക്കോര്‍ഡ് നേട്ടവുമായി യു കെ എഫ് കോളേജ്

Kollam

കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ വ്യത്യസ്ത ബ്രാഞ്ചുകളില്‍ നിന്നായി റെക്കോഡ് കോര്‍ പ്ലെയ്‌സ്‌മെന്റുകള്‍ കരസ്ഥമാക്കി. മെക്കാനിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, വിഭാഗങ്ങളില്‍ നിന്നും മുന്‍നിര കമ്പനികളിലായി മുന്നൂറിലധികം പ്ലെയിസ്‌മെന്റ് ഓഫറുകളിലേക്കാണ് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കോര്‍ പ്ലെയിസ്‌മെന്റ് നടത്തുന്ന സ്ഥാപനം എന്ന റെക്കോഡ് നേട്ടത്തിലേക്ക് കുതിക്കുകയാണ് യുകെഎഫ് കോളേജ്. വിദ്യാര്‍ഥികള്‍ക്ക് അതാത് മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്ലേസ്‌മെന്റ് നേട്ടം കൈവരിക്കാനായത്.

ഒന്നാം സെമസ്റ്റര്‍ മുതല്‍ എന്‍ജിനീയറിങ് 4.0 പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കും വിധമാണ് പ്ലേയ്‌സ്‌മെന്റ് പരിശീലനം നല്‍കുന്നതെന്ന് കോളേജ് ഡയറക്ടര്‍ ശ്രീമതി. അമൃത പ്രശോഭ് പറഞ്ഞു. ഇത്തരത്തില്‍ പഠനത്തോടൊപ്പം വ്യാവസായിക പരിശീലനവും നിര്‍മാണാത്മകമായ അഭിരുചിയും സമന്വയിപ്പിച്ചുള്ള പഠനപ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് വിശദീകരിച്ചു. എന്‍ജിനീയറിങ് 4.0 പദ്ധതി അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് ഇന്റര്‍വ്യൂ ട്രെയിനിങ്, സോഫ്റ്റ് സ്‌കില്‍, ഡെവലപ്‌മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി പ്രിന്‍സിപ്പാള്‍ പ്രൊഫ.ഇ.ഗോപാലകൃഷ്ണ ശര്‍മ, പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍ പ്രൊഫ. രശ്മി കൃഷ്ണപ്രസാദ് എന്നിവര്‍ പറഞ്ഞു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന അന്‍പതംഗ ടീമാണ് പ്ലെയിസ്‌മെന്റ് ആക്ടിവിറ്റീസ് കോഓര്‍ഡിനേറ്റ് ചെയ്യുന്നത്. പഠനത്തോടൊപ്പം തൊഴില്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷം മുന്നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ പ്രണവ്.എസ്, വൈസ് ചെയര്‍മാന്‍ ഗായത്രി ജയറാം എന്നിവര്‍ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ മുന്‍നിര കമ്പനികളായ ഓട്ടോബാന്‍ ഭാരത് ബെന്‍സ്, പോപ്പുലര്‍ ഹ്യൂണ്ടായി, പോപ്പുലര്‍ ജെസിബി, ഐബിഎസ്, വെബര്‍ഫോക്‌സ് ടെക്‌നോളജി, സ്‌പെരിഡിയന്‍, ഫോര്‍ബ്‌സ് മാര്‍ഷല്‍, ക്ഷേമപവര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, അലയന്‍സ്, നിപ്പോണ്‍ ടൊയോട്ട, സൃഷ്ടി ഇന്നൊവേഷന്‍സ്, നൊവാക് ടെക്‌നോളജി സൊല്യൂഷന്‍സ്, ക്യൂസ്‌പൈഡര്‍, ഇങ്കര്‍ റോബോട്ടിക്‌സ്, യുഎസ്ടി, ബ്രിഡ്ജ് ഗ്ലോബല്‍, ക്ലേസിസ് ടെക്‌നോളജി, റോബോസ്, ക്രിസ്റ്റലൈന്‍, അക്കാബ്‌സ്, ഇന്‍വെഞ്ച്വര്‍ ലാബ് തുടങ്ങി നാല്‍പ്പതോളം കമ്പനികളിലാണ് വിദ്യാര്‍ഥികള്‍ പ്ലെയിസ്‌മെന്റുകള്‍ നേടിയത്.