‘മോദി’ക്കാലം ബ്രിട്ടീഷ് ഭരണത്തിന് സമാനം: പ്രിയങ്ക ഗാന്ധി

India

റായ്ബറേലി: മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് ബ്രിട്ടീഷ് ഭരണകാലത്തേതിന് സമാനമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യയിലിപ്പോള്‍ സര്‍ക്കാറിന്റെ നയങ്ങള്‍ ശതകോടീശ്വരന്‍മാര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന വിധമുള്ളതാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

ഇന്ത്യയില്‍ അസമത്വ തോത് ബ്രിട്ടീഷ് ഭരണകാലത്തേക്കാള്‍ വര്‍ധിച്ചിരിക്കുന്നതായി രാജ്യാന്തര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പാവങ്ങളെ മനസില്‍ കണ്ട് യാതൊരു നയങ്ങളും മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട എല്ല സ്ഥാപനങ്ങളെയും ദുര്‍ബലമാക്കിയിരിക്കുന്നു. മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ജനങ്ങളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനാണ് ബ്രിട്ടീഷുകാരോട് പോരാടിയത്. സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങളുടെ അവകാശങ്ങള്‍ മുഴുവന്‍ ഉന്‍മൂലനം ചെയ്യപ്പെടുന്ന ഒരു ദിവസം വന്നണയുമെന്ന് അവര്‍ കരുതിയതേയില്ല. ഭരണഘടനയെ മാറ്റിമറിക്കാന്‍ ശ്രമം നടക്കുകയാണ്. കോടിക്കണക്കിന് പേരുടെ ജീവിതം മാറ്റിമറിച്ച സംവരണം പോലുള്ളവ എടുത്ത് കളയാന്‍ നീക്കം നടക്കുന്നതായും പ്രിയങ്ക വ്യക്തമാക്കി.

നിലവാരമില്ലാത്ത ഭാഷയും സ്വഭാവവും പ്രവൃത്തികളുമുള്ള ഒരു വ്യക്തി രാജ്യത്തെ പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നുവെന്നത് ഏറ്റവും വലിയ ദൗര്‍ഭാഗ്യമാണ്. തങ്ങള്‍ വികസനത്തിനാണ് എന്നും പ്രാധാന്യം നല്‍കുന്നത്. വികസിതവും അഭിവൃദ്ധിയുള്ളതുമായ ഒരു റായ്ബറേലിയാണ് ഞങ്ങളുടെ സ്വപ്‌നമെന്ന് പറഞ്ഞ പ്രിയങ്ക അവസരങ്ങള്‍ കിട്ടിയപ്പോഴൊക്കെ തങ്ങള്‍ റായ്ബറേലിയില്‍ തൊഴിലും വികസന അവസരങ്ങളും സൃഷ്ടിച്ചതായും വ്യക്തമാക്കി. തങ്ങള്‍ തുടങ്ങി വച്ച പല പദ്ധതികളും മോദി സര്‍ക്കാര്‍ ഇല്ലാതാക്കി. ചിലതിന്റെ പേര് മാറ്റി. പ്രിയങ്ക അഭിപ്രായപ്പെട്ടു. ഈ മാസം 20നാണ് റായ്ബറേലിയില്‍ വോട്ടെടുപ്പ്.