ടെക്സാസ് (അമേരിക്ക) : അമേരിക്കയിലെ ഡാളസിലെ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കാമ്പസിന് സമീപമുള്ള റോഡില്‍ വച്ച് വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്തനാസിയോസ് യോഹാന്‍ അന്തരിച്ചു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും രണ്ട് തവണ ഹൃദയാഘാതം ഉണ്ടായതോടെയാണ് യോഹാന്റെ മരണം. നേരത്തെ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്തരിക രക്തസ്രാവം തടയാന്‍ കഴിഞ്ഞുവെന്നും സഭയുടെ പിആര്‍ഓ ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. എന്നാല്‍, ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് സഭാ അധികൃതര്‍ വ്യക്തമാക്കി.
തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്ന് നാലു ദിവസം മുന്‍പാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സഭയുടെ കാമ്പസിനുള്ളിലാണ് അദ്ദേഹം പതിവായി പ്രഭാത സവാരി നടത്തുന്നത്. ഇന്നലെ മാത്രം അദ്ദേഹം കാമ്പസിന് വെളിയിലെ റോഡിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. അമേരിക്കന്‍ പ്രാദേശിക സമയം 6.45 നാണ് അപകടം നടന്നത്. ഡാളസിലെ മെത്താഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. അജ്ഞാത വാഹനമാണ് ഇടിച്ചത്. നിരാലംബര്‍ക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്.
അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമായി. 1974 ല്‍ അമേരിക്കയിലെ ഡാലസ്സില്‍ ദൈവശാസ്ത്രപഠനത്തിന് ചേര്‍ന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയില്‍ സജീവമായിരുന്ന ജര്‍മന്‍ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ല്‍ ഭാര്യയുമായി ചേര്‍ന്ന് തുടങ്ങിയ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തില്‍ വഴിത്തിരിവായി. സംഘടന വളര്‍ന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ യോഹന്നാന്‍ തീരുമാനിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേര്‍ത്തുനിര്‍ത്തി 2003 ല്‍ ബീലീവേഴ്സ് ചര്‍ച്ച എന്ന സഭയ്ക്ക് രൂപം നല്‍കി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചെലവില്‍ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാന്‍ തിരുവല്ലയില്‍ മെഡിക്കല്‍ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ദുരന്തമുഖങ്ങളില്‍ കാരുണ്യ സ്പര്‍ശമായി. 2017 ല്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച എന്ന് പേര് മാറുമ്പോള്‍ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പൊലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികള്‍ ഏല്‍പ്പിച്ചു.