അറബ് രാജ്യങ്ങളില്‍ ഇന്ന് മാസപിറവി കാണില്ലെന്ന് 25 ജ്യോതിശാസ്ത്ര വിദഗ്ധര്‍

World

ഗള്‍ഫിലും മറ്റ് അറബ് രാജ്യങ്ങളിലും ഇന്ന് വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൂര്യാസ്തമയ സമയം സൂര്യനും ചന്ദ്രനും തമ്മിലുള്ള അകലം ആറ് ഡിഗ്രിയില്‍ താഴെയായിരിക്കും. ഇക്കാരണത്താല്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് 25 ജ്യോതിശാസ്ത്രജ്ഞര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നത് വീക്ഷിക്കണമെന്ന് ജനങ്ങളോട് അധികൃതര്‍ ആഹ്വാനം ചെയ്തിരുന്നു. അതിനിടെയാണ് അറബ് ലോകത്തെ 25 ശാസ്ത്രജ്ഞര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

ഇന്ന് സൂര്യാസ്തമയത്ത് മക്കയില്‍ സൂര്യനും ചന്ദ്രനും തമ്മിലുളള അകലം 5.1 ഡിഗ്രി ആയിരിക്കും. അബുദാബിയില്‍ 4.7 ഡിഗ്രിയും ജറുസലേമില്‍ 5.4 ഡിഗ്രിയും അകലമാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്തില്‍ 5.5 ഡിഗ്രി വ്യത്യാസമാകും സൂര്യാസ്തമയത്ത് സൂര്യനും ചന്ദ്രനും തമ്മില്‍ ഉണ്ടാവുക. അതുകൊണ്ടുതന്നെ ഇന്ന് മാസപ്പിറവി ദൃശ്യമാവുക സാധ്യമല്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ പ്രവചനം.

വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി നഗ്‌നനേത്രം കൊണ്ട് കാണാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ശനിയാഴ്ചയായിരിക്കും പെരുന്നാളെന്ന് ഇന്റര്‍നാഷനല്‍ അസ്‌ട്രോണമിക്കല്‍ സെന്റര്‍ (IAC) യും നേരത്തെ അറിയിച്ചിരുന്നു. അതിനിടെ, ഇന്ന് മാസപിറവി 24 മിനുട്ട് ദൃശ്യമാകുമെന്നും തെളിഞ്ഞ കാലാവസ്ഥയെങ്കില്‍ ശവ്വാല്‍ മാസപിറവി കാണാമെന്നും സൗദി ഗോളശാസ്ത്രഞ്ജന്‍ അബ്ദുല്ല അല്‍ ഖുദൈരി പറഞ്ഞു.

(വിവരങ്ങള്‍ക്ക് കടപ്പാട് Metbeat New)