പറയുന്നത് നടപ്പാകുന്ന കാര്യങ്ങള്‍, പത്ത് ഗ്യാരന്‍റിയുമായി അരവിന്ദ് കെജ്‌രിവാള്‍

India

ന്യൂദല്‍ഹി: മോദിയുടെ ഗ്യാരണ്ടിക്ക് പകരം പത്ത് ഗ്യാരണ്ടിയുമായി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രത്തില്‍ ഇന്ത്യ സംഖ്യം അധികാരത്തിലെത്തിയാല്‍ ഇവ നടപ്പാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. നടപ്പാക്കുന്ന ഗ്യാരണ്ടികളാണ് നല്‍കുന്നത്. അല്ലാതെ പതിനഞ്ച് ലക്ഷം അക്കൗണ്ടിലേക്ക് നല്‍കുമെന്ന് പറഞ്ഞത് പോലെയല്ലെന്നും എ എ പി പറയുന്നു.

പുതിയ ഭാരതത്തിനുള്ള കാഴ്ച്ചപ്പാടാണ് പത്ത് ഗ്യാരന്റിയിലൂടെ മുന്നോട്ട് വെക്കുന്നതെന്നും വിലക്കയറ്റത്തില്‍ നിന്നും ജനങ്ങള്‍ക്ക് മോചനം ഉറപ്പാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. മോദിയുടെ ഗ്യാരന്റിയില്‍ വിശ്വസിക്കണോ, കെജ്‌രിവാളിന്റെ ഗ്യാരന്റിയില്‍ വിശ്വസിക്കണോയെന്ന് ജനത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

24 മണിക്കൂര്‍ സൗജന്യ വൈദ്യുതി ഉറപ്പാക്കും, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഹാനികരമായ അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കും, ചൈന കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കും, കാര്‍ഷിക വിളകള്‍ക്ക് എംഎസ്പി ഉറപ്പാക്കും, ജിഎസ്ടി നിയമത്തില്‍ സമഗ്രമായ പരിഷ്‌കരണം, ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി തൊഴില്‍ ഉള്‍പ്പെടെയാണ് പത്ത് ഗ്യാരന്റികള്‍. കെജ്രിവാള്‍ പറഞ്ഞു.

തന്റെ അഭാവത്തില്‍ എം എല്‍ എമാര്‍ നന്നായി പ്രവര്‍ത്തിച്ചു. അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ വീഴ്ത്താനുമായിരുന്നു ശ്രമം. എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ‘പൊതുജനങ്ങളിലേക്ക് മരുന്നുകള്‍ എത്തുന്നത് നില്‍ക്കരുത് എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. സൗജന്യ വൈദ്യുതിയും വെള്ളവും നിര്‍ത്തലാക്കരുത്. എന്നാല്‍ നിങ്ങള്‍ എല്ലാവരും വളരെ നല്ലരീതിയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു. ഗൂഢാലോചന വിജയിച്ചില്ല. എന്നെ അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ താഴെയിറക്കാനും ബി ജെ പി ആഗ്രഹിച്ചു, പക്ഷേ സംഭവിച്ചത് മറിച്ചാണ്. എന്റെ അറസ്റ്റിന് ശേഷം പാര്‍ട്ടി കൂടുതല്‍ ശക്തമായി’, കെജ്‌രിവാള്‍ പറഞ്ഞു. എംഎല്‍എമാരുടെ യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.