50000 ബാലസഭാംഗങ്ങള്‍ക്കായി ഒരുവര്‍ഷം നീളുന്ന സി.ഡി.എസ്തല ക്യാമ്പയിന്‍
കല്പറ്റ: കുടുംബശ്രീയും ഉദ്യം ലേണിങ്ങ് ഫൗണ്ടേഷനും സംയുക്തമായി ബാലസഭാ കുട്ടികള്‍ക്കായി ‘മൈന്‍ഡ് ബ്ളോവേഴ്സ്’ 2024 സി.ഡി.എസ്തല ബാലസഭാ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ 50000 കുട്ടികള്‍ക്ക് അറിവിനും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്‍റെ നൂതന പാഠങ്ങള്‍ കൂടി പരിശീലിപ്പിക്കുക എന്നതാണ് ക്യാമ്പെയ്ന്‍റെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലുമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ വഴി കുട്ടികള്‍ക്ക് നൈപുണ്യപരിശീലനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പരിശീലനമാണ് ലഭ്യമാകുക. ഏഴുദിവസം നീളുന്ന ആദ്യഘട്ട പരിശീലനത്തിന് മെയ് രണ്ടാം വാരത്തോടെ എല്ലാ സി.ഡി.എസുകളിലും തുടക്കമാകും. ക്യാമ്പെയിനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് http://surl.li/tlrje എന്ന ഗൂഗിള്‍ ഫോം ലിങ്കില്‍ മെയ് 15 വരെ പേര് രജിസ്റ്റര്‍ ചെയ്യാം.
ക്യാമ്പയ്ന്‍റെ ഭാഗമായി ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും അമ്പത് കുട്ടികളെ വീതമാണ് തിരഞ്ഞെടുക്കുക. ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടുവരെയുള്ള വരെയുള്ള കുട്ടികള്‍ക്കാണ് അവസരം. കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്‍റെ ചുമതല ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്കാണ്. പ്രാദേശിക വികസനവുമായും നൂതന സംരംഭങ്ങളുമായും ബന്ധപ്പട്ട ആശയങ്ങള്‍ കുട്ടികള്‍ സ്വയം കണ്ടെത്തുകയും തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തി പ്രൊജക്ട് തയ്യാറാക്കുകയും ചെയ്യും. പിന്നീട് ഈ വികസന ആശയങ്ങള്‍ പ്രാദേശികതലത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പൂര്‍ണ പിന്തുണ ലഭ്യമാക്കുക എന്നതുമാണ് മൈന്‍ഡ് ബ്ളോവേഴ്സ് ക്യാമ്പെയ്ന്‍ വഴി ഉദ്ദേശിക്കുന്നത്.
സി.ഡി.എസ്തല ക്യാമ്പയിനില്‍ പരിശീലനം നല്‍കുന്നതിനായി ആയിരത്തിലേറെ മെന്‍റര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. പരിശീലന മൊഡ്യൂള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഓരോ സി.ഡി.എസിലും സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍റെ മേല്‍നോട്ടം അതത് ജില്ലാമിഷനും സി.ഡി.എസും സംയുക്തമായി നിര്‍വഹിക്കും.
ഇന്ത്യയില്‍ സംരംഭകത്വ ബിസിനസ് രംഗത്തെ നേതൃശേഷി യുവജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സഹായിക്കുന്ന സംഘടനയാണ് ഉദ്യം ലേണിങ്ങ് ഫൗണ്ടേഷന്‍. കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.