കോഴിക്കോട്: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ മുസ്‌ലിം സംവരണത്തിൽ വലിയ കുറവ് വരുത്തിയ ശേഷം, വീണ്ടും ആശ്രിത നിയമനത്തിന്റെ പേരിൽ മുസ്‌ലിം സംവരണം കവർന്നെടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐ. എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആവശ്യപ്പെട്ടു.
ഐ.എസ്.എം മാങ്കാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഉസ്‌റത്തുൻ ഹസന’ കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കുന്നുവെന്നത് അടിസ്ഥാന രഹിതമായ വാദമാണെന്നും, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉന്നതിയിലേക്ക് കൊണ്ടുവരിക എന്നതാണ് ഭരണ ഘടനാ ശിൽപികൾ സംവരണതത്തിന്റെ ലക്ഷ്യമായി കണ്ടതെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ.എൻ.എം മാങ്കാവ് മണ്ഡലം സെക്രട്ടറി സി.സെയ്തുട്ടി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മാങ്കാവ് മണ്ഡലം സെക്രട്ടറി അസ്‌ലം എം.ജി നഗർ സ്വാഗതവും, പ്രസിഡണ്ട് ഫിറോസ് പുത്തൂർമഠം നന്ദിയും പറഞ്ഞു.