സ്കൂള്‍ നവീകരണ പ്രവര്‍ത്തനത്തില്‍ മാതൃകയായിയു കെ എഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് ആന്‍റ് ടെക്നോളജിയിലെ എന്‍എസ്എസ് യൂണിറ്റ് സപ്ത ദിന സഹവാസ ക്യാമ്പിന്‍റെ ഭാഗമായി സ്കൂള്‍ നവീകരണ പ്രവര്‍ത്തനം നടത്തി യു കെ എഫ് വിദ്യാര്‍ത്ഥികള്‍. ഭൂതക്കുളം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ക്യാമ്പിന്‍റെ ഭാഗമായിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ നവീകരിച്ചത്. കൊല്ലം ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളുടെ പൈതൃകം മുന്‍നിര്‍ത്തി യു കെ എഫ് സെന്‍റര്‍ ഫോര്‍ ആര്‍ട്ട് ഡിസൈന്‍റെ നേതൃത്വത്തില്‍ വരച്ച ചുമര്‍ചിത്രീകരണം, രാഷ്ട്രപിതാവിന്‍റെ ശില്പനിര്‍മ്മാണം തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഭൂതക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി.

കൂടാതെ സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ തകരാറിലായിക്കിടന്നിരുന്ന കമ്പ്യൂട്ടറുകള്‍ നന്നാക്കി കൊടുത്തും ക്ലാസ് റൂമുകള്‍ വൃത്തിയാക്കുകയും സ്കൂള്‍ പൂന്തോട്ട നിര്‍മ്മാണത്തില്‍ പങ്കാളികളായും വിദ്യാര്‍ത്ഥികള്‍ മാതൃകയായി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജോണ്‍ ക്രിസ്റ്റഫര്‍ സ്കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും അനുമോദിച്ചു.

ഭൂതക്കുളം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആശാദേവി നിര്‍വഹിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അനീഷ് വി എന്‍, ഡീന്‍ അക്കാഡമിക് ഡോ. രശ്മി കൃഷ്ണപ്രസാദ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ അഖില്‍ ജെ ബാബു, ആര്‍. രാഹുല്‍, എന്‍എസ്എസ് വോളണ്ടിയര്‍മാരായ ഏബല്‍, ഐശ്വര്യ, സരിക, ഇര്‍ഷാദ് എന്നിവര്‍ സ്കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു .