പമ്പ: ശബരിമലയില്‍ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്. പതിനെട്ടാം പടിയുടെയും ശബരിമല ശാസ്താവിന്റെയും തപാല്‍ മുദ്ര പതിയുന്ന കത്തിടപാടുകള്‍ മുടങ്ങാതെ നടക്കുന്ന സന്നിധാനത്തെ തപാലാഫീസ്. വരുന്ന നവംബര്‍ 16ന് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.
1963 നവംബര്‍ പതിനാറിനായിരുന്നു സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 1974ല്‍ അയ്യപ്പന്റെ പേരില്‍ തപാല്‍മുദ്ര നിലവില്‍ വന്നു. രാജ്യത്താകെ മുപ്പത്തൊമ്പത് സ്ഥലങ്ങളിലാണ് വ്യത്യസ്തമായ തപാല്‍മുദ്രകള്‍ ഉള്ളത്. അതിലൊരിടമാണ് സന്നിധാനത്തെ ഈ തപാലോഫീസ്. രാജ്യത്ത് രാഷ്ട്രപതിക്കും ശബരിമല ശാസ്താവിനും മാത്രമാണ് സ്വന്തമായി പിന്‍കോഡുള്ളത് എന്നതും പ്രത്യേകതയാണ്. 689713 ആണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പിന്‍കോഡ്.
ദിവസവും സന്നിധാനത്തെ തപാലോഫീസിലേക്ക് അറുപത് മുതല്‍ എഴുപത് വരെ മണിയോഡറുകളും നൂറ് മുതല്‍ നൂറ്റമ്പത് വരെ കത്തുകളും ലഭിക്കാറുണ്ട്. ശബരീശനെ ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷണിച്ചു കൊണ്ടും സങ്കടങ്ങളും ആവലാതികളും ബോധിപ്പിച്ചു കൊണ്ടും കത്തുകള്‍ എത്താറുണ്ട്. പരീക്ഷ വിജയാനുഗ്രഹത്തിനായി കുട്ടികളുടെ കത്തുകളും എത്തുന്നു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറാണ് അയ്യപ്പനു വേണ്ടി ഈ കത്തുകള്‍ തപാലോഫീസില്‍ നിന്നും കൈപ്പറ്റുന്നത്. എല്ലാ വര്‍ഷവും നവംബര്‍ 16 മുതല്‍ ജനുവരി 20 വരെയാണ് സന്നിധാനത്തെ തപാലോഫീസിന്റെ പ്രവര്‍ത്തനം. ഈ മൂന്ന് മാസക്കാലം മാത്രമാണ് തപാലിനും തപാല്‍ കോഡിനുമുള്ള കാലാവധി. വിഷുവിനോട് അനുബന്ധിച്ച് പത്ത് ദിവസവും ഈ തപാലോഫീസ് തുറന്നു പ്രവര്‍ത്തിക്കും. തപാലോഫീസ് അടയ്ക്കുന്നതോടെ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ടിന്റെ ലോക്കറിലേക്ക് മാറ്റും.
സന്നിധാനത്തെത്തുന്നവര്‍ അപ്പവും അരവണയും ഈ തപാലോഫീസിലെത്തി തങ്ങളുടെ നാടുകളിലേക്ക് തപാലില്‍ അയയ്ക്കാറുണ്ട്. ഓഫീസിലെ എം റ്റി എസുമാര്‍ അവ പമ്പവരെ തലചുമടായി എത്തിക്കും. പോസ്റ്റുമാസ്റ്റര്‍ പി.എസ്. അരുണ്‍, പോസ്റ്റുമാന്‍ എം റ്റി പ്രവീണ്‍, എം റ്റി എസുമാരായ എസ് അശാന്ത്, ഡി അരുണ്‍ എന്നിവരാണ് ഇവിടെ ജീവനക്കാരായി ഉള്ളത്.
ഈ മണ്ഡലകാലത്തിതുവരെ അയ്യപ്പന്റ മുദ്രപതിച്ച പന്ത്രണ്ടായിരത്തോളം തപാല്‍ കാര്‍ഡുകളും ആയിരം ഇന്‍ലന്റുകളും 1000 കവറുകളും ആവശ്യക്കാര്‍ വാങ്ങിയിട്ടുണ്ട്. തപാല്‍ കാര്‍ഡിന് അമ്പത് പൈസയും ഇന്‍ലന്റിന് രണ്ടര രൂപയും കവറിന് അഞ്ച് രൂപയുമാണ് വില. 22.11.22 എന്ന തീയതി വരുന്ന കഴിഞ്ഞ നവംബര്‍ 22 ന് മാത്രം രണ്ടായിരം കാര്‍ഡുകള്‍ ഈ താപാലോഫീസില്‍ നിന്നും വിറ്റഴിഞ്ഞു. ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തപാല്‍ കാര്‍ഡുകള്‍ വിറ്റഴിഞ്ഞ ദിവസമായിരുന്നു ഈ പ്രത്യേക ദിനം. പെര്‍മനന്റ് പിക്വോറിയല്‍ ക്യാന്‍സലേഷന്‍ (പി പി സി) സംവിധാനം പ്രയോജനപ്പെടുത്തിയും സന്നിധാനത്തെ തപാലോഫീസില്‍ നിന്നും ആളുകള്‍ കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ട്. മറ്റ് പോസ്റ്റ് ഓഫീസുകള്‍ വഴി സാധ്യമാകുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സംവിധാനം സന്നിധാനത്തെ ഈ തപാലോഫീസ് വഴിയും സാധ്യമാകും.